ചെന്നൈ: ഒക്‌ടോബർ രണ്ടിന് പകരം നവംബർ 6ന് റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിനോട് നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്തെ 51 സ്ഥലങ്ങളിലാണ് നവംബർ 6ന് റൂട്ട് മാർച്ചും പൊതുയോഗങ്ങളും നടത്താൻ ഹൈക്കോടതി നിർദേശം നൽകിയത്.തമിഴ്‌നാട് സർക്കാരിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജി.കെ ഇളന്തിരയ്യൻ.
നവംബർ ആറിന് റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകണമെന്ന് സർക്കാരിനോടും പൊലീസിനോടും നിർദേശിക്കുകയും ഒക്‌ടോബർ 31നകം കോടതിയെ വിവരം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. തീരുമാനമെടുക്കുകയോ അനുമതി നൽകാതിരിക്കുകയോ ചെയ്‌താൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി.
ഗാന്ധിജയന്തി ദിവസമായ ഒക്‌ടോബർ രണ്ടിന് റാലി നടത്തുന്നതിലാണ് സർക്കാരിന് പ്രശ്‌നം. അങ്ങനെയെങ്കിൽ നവംബർ ആറിന് റാലിക്ക് അനുമതി നൽകാമെന്ന് ജഡ്‌ജി ജി.കെ ഇളന്തിരയ്യൻ നിർദേശിച്ചു. റാലിയും പൊതുയോഗങ്ങളും നടത്തുന്നതിന് സെപ്‌റ്റംബർ 22ലെ ഉത്തരവിൽ പറഞ്ഞിരിക്കുന്ന എല്ലാ വ്യവസ്ഥകളും നവംബർ 6ലെ റാലിക്കും ബാധകമാണെന്നും കോടതി പറഞ്ഞു.
എൻഐഎ റെയ്‌ഡ്, പോപ്പുലർ ഫ്രണ്ട് നിരോധനം, പെട്രോൾ ബോംബ് ആക്രമണം തുടങ്ങിയ വിഷയങ്ങളിലെ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി 52,000 പൊലീസുകാർ തെരുവിലാണെന്നും അതിനാൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകാനാകില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. പൊതുജനങ്ങളുടെ ജീവനാണ് പ്രധാനമെന്നും അവരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും തയാറല്ല എന്നും സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ.ആർ ഇളങ്കോ പറഞ്ഞു.
എന്നാൽ ക്രമസമാധാന പ്രശ്‌നം മുൻനിർത്തി അനുമതി നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉദ്ദരിച്ച് ആർഎസ്എസിന് വേണ്ടി ഹാജരായ അഭിഭാഷകരായ ജി രാജഗോപാലനും ബി രാബു മനോഹറും കോടതിയിൽ വാദിച്ചു. ക്രമസമാധാനപാലനം അധികാരികളുടെ ചുമതലയാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒക്‌ടോബർ രണ്ടിന് സംഘടിപ്പിക്കാനിരുന്ന പരിപാടികൾക്ക് സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് വ്യാഴാഴ്‌ചയാണ് ആർഎസ്എസ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.