ഭോപാൽ: കോൺഗ്രസ് എംഎൽഎ നിലയ് ദാഗയുടെ സോലാപൂരിലെ ഓയിൽ ഫാക്ടറിയിൽ നിന്ന് ആദായനികുതി വകുപ്പ് ഏഴര കോടി രൂപ പിടിച്ചെടുത്തു. ചാക്കുകളിലും ബാഗുകളിലുമായി സൂക്ഷിച്ചിരുന്ന പണവുമായി രക്ഷപ്പെടാൻ ശ്രമിച്ച ഒരു ജീവനക്കാരനെയും പിടികൂടിയതായി റിപ്പോർട്ടുകൾ ഉണ്ട്. മധ്യപ്രദേശ് ആദായ നികുതി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണിത്. ഫെബ്രുവരി 18നാണ് റെയ്ഡ് നടന്നത്.
ബെഗൂൾ, സത്‌ന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ദാഗയുടെ ഉടമസ്ഥതയിലുള്ള ഇരുപതോളം സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചു. നിരവധി ഫാക്ടറികളും സ്കൂളും സ്വന്തമായുള്ള ബിസിനസുകാരൻ കൂടിയാണ് ബെതുൽ എംഎൽഎയായ നിലയ് ദാഗ. അന്വേഷണത്തിനിടെ നിരവധി ബിനാമി കമ്പനികളെയും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വിവിധ കമ്പനികളിൽ 200 കോടി രൂപ നിക്ഷേപിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. വലിയ തോതിലുള്ള ഹവാല ഇടപാടുകളുടെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡുകളിൽ ആകെ 8.10 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.