ന്യൂഡല്‍ഹി : തോക്ക് ചൂണ്ടി ഗോഡൗണിൽ നിന്ന് 40 ലക്ഷം രൂപയുടെ പാക്ക് (മുറുക്കാന്‍ ഉപയോഗിക്കുന്ന അടയ്ക്ക) കൊള്ളയടിച്ച മൂന്നുപേര്‍ അറസ്റ്റില്‍. വടക്കന്‍ ഡല്‍ഹിയിലെ അലിപൂരിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ജയ്‌വീര്‍ (28), സുനില്‍ (22), കൃഷന്‍ കുമാര്‍ (22) എന്നിവരാണ് പിടിയിലായത്.
ജൂലൈ 16 നായിരുന്നു സംഭവം. ഗോഡൗണിലേക്ക് ട്രക്കിലെത്തിയ ഇവര്‍ അവിടെയുണ്ടായിരുന്ന 130 ചാക്ക് പാക്ക് ട്രക്കില്‍ കയറ്റാന്‍ തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും, 1,40,000 രൂപ ഗോഡൗണില്‍ നിന്ന് കൊള്ളയടിക്കുകയും ചെയ്‌തു. സുഹൃത്തിനെ കാണാന്‍ രോഹിണി മേഖലയിലെത്തിയ പ്രതികളെ പൊലീസ് തന്ത്രപൂര്‍വം പിടികൂടി.
ഡല്‍ഹിയില്‍ റിക്ഷ ഡ്രൈവര്‍മാരായി ജോലി ചെയ്യുകയാണ് ഇവര്‍. ജയ്‌വീര്‍ മുന്‍പ് മറ്റൊരു കേസില്‍ ഏഴുവര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ഏതാനും മാസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിചിത്ര വീർ പറഞ്ഞു.
ഗോഡൗണ്‍ കൊള്ളയടിച്ച ശേഷം തൊഴിലാളികളെ മുറിയിൽ പൂട്ടിയിട്ട് മൂവരും രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.