അനന്തപൂർ : ആന്ധ്രാപ്രദേശിൽ റെയിൽവേ സിഗ്നൽ സംവിധാനം വിഛേദിച്ച് ട്രെയിനിനുള്ളിൽ മോഷണം. അനന്തപൂർ ജില്ലയിലെ ഗുട്ടി റെയിൽവേ സ്റ്റേഷന് സമീപം തുരകപള്ളിയിലാണ് മോഷ്‌ടാക്കൾ ഭീതി പരത്തിയത്. തിരുപ്പതിയിൽ നിന്ന് സെക്കന്തരാബാദിലേക്ക് പോകുകയായിരുന്ന 7 ഹിൽസ് എക്‌സ്പ്രസ് (12769) ട്രെയിനിലാണ് മോഷണം നടന്നത്.
രാത്രി 9 മണിയോടെ അനന്തപൂർ വഴിയെത്തിയ ട്രെയിൻ, മോഷ്‌ടാക്കൾ ആസൂത്രിതമായി സിഗ്നൽ സംവിധാനം വിഛേദിച്ചതിനാൽ തുരകപ്പള്ളിയിലെ ട്രാക്കിൽ നിന്നു. ഇതോടെ ട്രെയിനിന്‍റെ എസ് 5, എസ് 7 ബോഗികളിൽ അതിക്രമിച്ച് കയറിയ മോഷ്‌ടാക്കൾ രണ്ട് യാത്രക്കാരിൽ നിന്നായി 60 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങള്‍ മോഷ്‌ടിച്ചു.
യാത്രക്കാർ ഉടൻതന്നെ ഗുട്ടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ധോനെ റെയിൽവേ പൊലീസിലും പരാതി നൽകി. പിന്നാലെ റെയിൽവേ പൊലീസെത്തി പരിസരപ്രദേശങ്ങളിൽ പരിശോധന നടത്തിയതിൽ സിഗ്നൽ വയറുകൾ വിഛേദിക്കപ്പെട്ടതായി കണ്ടെത്തി.
ഇരകളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. സിഗ്നൽ സംവിധാനം വിഛേദിച്ച് കവർച്ച നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.