പട്‌ന: ബിഹാറിൽ സർവീസ് പ്രൊവൈഡർ ജീവനക്കാരാണെന്ന വ്യാജേന എത്തി മൊബൈൽ ടവർ മോഷ്‌ടിച്ചു. പട്‌നയിലെ സബ്‌സിബാഗ് പ്രദേശത്താണ് സംഭവം നടന്നത്. 2006ലാണ് സബ്‌സിബാഗിലുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സർവീസ് പ്രൊവൈഡർ കമ്പനിയായ എയർസെൽ മൊബൈൽ ടവർ സ്ഥാപിച്ചത്. ശേഷം ടവർ ജിടിഎൽ കമ്പനിക്ക് വിറ്റിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി വീട്ടുടമയ്‌ക്ക് വാടക നല്‌കിയിരുന്നില്ല. ഇതിനാൽ ടവർ തന്‍റെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് വീട്ടുടമസ്ഥൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. 2022 ഓഗസ്റ്റ് 31 നാണ് ജിടിഎൽ കമ്പനി അധികതർ അവസാനമായി ടവർ പരിശോധിക്കുകയും ടവറിന്‍റെ ഒരു ഭാഗം നീക്കം ചെയ്യുകയും ചെയ്‌തത്.
എന്നാൽ അടുത്തിടെ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ടവർ കാണാനില്ലെന്ന് കമ്പനി അധികൃതർ അറിയുന്നത്. ജിടിഎൽ കമ്പനി ജീവനക്കാർ എന്ന പേരിൽ കുറച്ച് പേർ നാല് മാസം മുൻപ് വന്ന് ടവറിന്‍റെ മറ്റു ഭാഗങ്ങൾ കൂടി അഴിച്ചുകൊണ്ടുപോയതായി വീട്ടുടമസ്ഥൻ പറഞ്ഞു. എന്നാൽ രണ്ടാം തവണ എത്തി ഉപകരണങ്ങൾ നീക്കം ചെയ്‌തത് തങ്ങളുടെ ജീവനക്കാർ അല്ലെന്നാണ് ജിടിഎൽ കമ്പനിക്കാരുടെ വാദം.
നാല് മാസം മുൻപ് നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല. കമ്പനിയുടെ ഏരിയ മാനേജർ മുഹമ്മദ് ഷാനവാസ് അൻവറിന്‍റെ മൊഴിയിൽ അജ്ഞാതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 8.32 ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷണം പോയതായാണ് കമ്പനിക്കാരുടെ നിഗമനം.