ലുധിയാന : മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ലുധിയാന ജില്ലയിലെ സുന്ദര്‍ നഗര്‍ കോളനി ബ്രാഞ്ചില്‍ കവര്‍ച്ചാശ്രമത്തിനിടെ സുരക്ഷാജീവനക്കാരന്‍റെ വെടിയേറ്റ് മോഷ്ടാവ് മരിച്ചു. ബിഹാർ സ്വദേശിയായ അമർ പർതപ് സിങ് ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികൾ രക്ഷപ്പെട്ടു.
മുത്തൂറ്റ് ഫിൻകോർപ്പ് മാനേജർ സണ്ണി ശർമയ്ക്ക് മോഷ്ടാക്കളിലൊരാളില്‍ നിന്ന് വെടിയേറ്റു. ചികിത്സയിലുള്ള ശർമ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ലുധിയാന പൊലീസ് കേസെടുത്തു.
മുത്തൂറ്റ് ഫിൻകോർപ്പിന്‍റെ ശാഖയിൽ രാവിലെ 10 മണിയോടെയാണ് നാല് കവർച്ചക്കാർ അതിക്രമിച്ചുകയറിയതെന്ന് പൊലീസ് പറയുന്നു. ലോൺ ചോദിക്കാനെന്ന വ്യാജേന ശർമയുമായി സംസാരിക്കുകയായിരുന്ന സംഘം സ്‌ട്രോങ് റൂമിലേക്ക് ബലമായി കടക്കാൻ ശ്രമിച്ചു. അദ്ദേഹമവരെ തടയാന്‍ ശ്രമിച്ചപ്പോൾ പ്രതികളിലൊരാൾ വെടിയുതിർത്തു.
also read:മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസ് : മൂന്ന് പേർ കൂടി അറസ്റ്റിൽ
വെടിയൊച്ച കേട്ട സെക്യൂരിറ്റി ജീവനക്കാരൻ സുർജീത് കുമാർ (47) സ്ഥാപനത്തിന്‍റെ ഷട്ടർ താഴ്ത്തി തോക്കുമായി പുറത്ത് നിലയുറപ്പിച്ചു. തുടർന്ന് രക്ഷപ്പെടാൻ ഷട്ടർ തുറന്ന മോഷ്ടാക്കൾക്ക് നേരെ സുർജീത് നിറയൊഴിക്കുകയും ഒരാൾ മരിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മറ്റ് മൂന്ന് അക്രമികൾ രക്ഷപ്പെട്ടു.
വെടിയേറ്റ് മരിച്ച മോഷ്ടാവിൽ നിന്ന് പിസ്റ്റളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. കൂടാതെ രക്ഷപ്പെട്ട സംഘത്തെ തിരയുന്നതിനിടെ ഇവരുടെ മോട്ടോർ ബൈക്കുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുമുണ്ട്.
അതേസമയം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ലുധിയാന പൊലീസ് കമ്മിഷണർ ഗുർപ്രീത് സിങ് ഭുള്ളർ പറഞ്ഞു. പ്രതികളുടെ ചിത്രങ്ങൾ മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ കർത്തവ്യം കൃത്യമായി നിർവഹിച്ച സുർജീത് കുമാറിനെ അഭിനന്ദിച്ച അദ്ദേഹം, പഞ്ചാബ് പൊലീസ് അദ്ദേഹത്തിന് പുരസ്കാരം നൽകുമെന്നും അറിയിച്ചു.