പട്‌ന: തുടർച്ചയായി ഉയരുന്ന പാചക വാതകവിലയിലും ഉള്ളി വിലയിലും പ്രതിഷേധിച്ച് ബിഹാർ വിധാൻ സഭയിൽ ആർജെഡി എംഎൽഎമാരുടെ പ്രതിഷേധം. ഗ്യാസ് കുറ്റി തലയിൽ ചുമന്നും ഉള്ളികൊണ്ട് മാലയുണ്ടാക്കി കഴുത്തിലിട്ടും എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം നടത്തിയത്.
പാചക വാതകവില 900 രൂപയിലേക്കെത്തിയ സാഹചര്യത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ഒരു മാസത്തിൽ പാചക വാതകത്തിന്‍റെ വിലയിൽ 125 രൂപയുടെ വർധനവാണുണ്ടായത്. ഉള്ളിക്ക് 60 രൂപയുടെ വർധനവാണുണ്ടായത്. പാചക വാതക വില കേന്ദ്ര സർക്കാർ പിൻവലിക്കും വരെ സമരം തുടരുമെന്ന് ആർജെഡി അറിയിച്ചു. അതേസമയം മാധ്യമ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധമെന്ന് ബിഹാർ കൃഷി മന്ത്രി അമരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.