ഛപ്ര(ബിഹാര്‍) : ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് നടത്തുന്ന റിവര്‍ ക്രൂയിസായ ഗംഗ വിലാസ് ബിഹാറിലെ ഛപ്രയില്‍ കുടുങ്ങി. ജനുവരി 13ന് വാരണാസിയില്‍ വച്ചാണ് ആഡംബര ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തത്. യാത്രയ്‌ക്ക് തടസം നേരിട്ടതിനെ തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന വിനോദസഞ്ചാരികളെ ചെറിയ മോട്ടോര്‍ ബോട്ടുകള്‍ വഴി കരയിലെത്തിച്ച് ജില്ലയിലെ പുരാവസ്‌തു സൈറ്റായ ചിരാന്ദിന്‍റെ ശേഷിപ്പുകള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം ജില്ല ഭരണകൂടം ഒരുക്കി.
'വിവരം ലഭിച്ച ഉടനെ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന എത്തിയാണ് വിനോദ സഞ്ചാരികളെ കരയ്‌ക്കെത്തിച്ചത്. സേന, പര്‍വതനിരകളില്‍ തന്നെ നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടനടി പ്രശ്‌നപരിഹാരത്തിന് സാധിച്ചു. നദിയില്‍ വെള്ളം കുറവായിരുന്നതിനാല്‍ ക്രൂയിസ് തീരത്തടുപ്പിക്കുവാന്‍ പ്രയാസമായിരുന്നതിനാലാണ് ചെറിയ ബോട്ടുകള്‍ വേണ്ടി വന്നത്' - അധികൃതര്‍ അറിയിച്ചു.
36 വിനോദസഞ്ചാരികളെ വഹിക്കാന്‍ ഒത്തവിധം മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളുമടക്കം എല്ലാ വിധത്തിലുമുള്ള ആഡംബര സംവിധാനങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ഗംഗ വിലാസ്. രാജ്യത്തെ ഏറ്റവും മികച്ച രൂപകല്‍പ്പന ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്. പക്ഷേ കന്നിയാത്രയില്‍ തന്നെ ക്രൂയിസിന്‍റെ സഞ്ചാരം മുടങ്ങി.
ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീ തടങ്ങള്‍, ബിഹാറിലെ പട്‌ന, ജാർഖണ്ഡിലെ സാഹിബ്‌ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ് 51 ദിവസത്തെ ക്രൂയിസ് യാത്ര ആസൂത്രണം ചെയ്‌തിരിക്കുന്നത്.
വാരണാസിയിലെ ഗംഗ ആരതി, ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്ന സര്‍നാത്, ആസാമിലെ ഏറ്റവും നീളം കൂടിയ നദി ദ്വീപായ മജുളി തുടങ്ങിയ സ്ഥലങ്ങളില്‍ പിറ്റ് സ്‌റ്റോപ്പുകളും ക്രമീകരിച്ചിരുന്നു. വിക്രമശില സര്‍വകലാശാലയിലെ ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗയും സന്ദര്‍ശിക്കുവാനുള്ള അവസരം വിനോദസഞ്ചാരികള്‍ക്ക് കൈവരും. ബംഗാൾ ഉൾക്കടലിലെ സുന്ദർബനും കാസിരംഗ ദേശീയ ഉദ്യാന ഭാഗവും യാത്രയില്‍ പിന്നിടും.
കന്നി യാത്രയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള 32 വിനോദ സഞ്ചാരികള്‍ മുഴുവന്‍ യാത്രയ്‌ക്കും പേര് നല്‍കി രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയിൽ മുഴുകാനും യാത്ര അനുഭവ സമ്പന്നമാക്കുവാനും സഞ്ചാരികള്‍ക്ക് അവസരം നല്‍കുന്ന തരത്തിലാണ് ജലസഞ്ചാരം വിഭാവനം ചെയ്‌തിരിക്കുന്നത്.