ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്‍റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ നിയമിച്ചു. ന്യൂഡൽഹിയിലെ ഉത്തരാഖണ്ഡ് സദനിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. താരത്തിന്‍റെ നിയമനം സംസ്ഥാനത്തെ കായിക രംഗത്തെ യുവാക്കൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി ധാമി പറഞ്ഞു.
തന്‍റേതായ വ്യക്‌തിമുദ്ര ലോകത്ത് പതിപ്പിച്ച താരമാണ് റിഷഭ് പന്ത്. രാജ്യത്തിനും സംസ്ഥാനത്തിനും അദ്ദേഹം ധാരളം ബഹുമതികൾ നേടിത്തന്നു. എല്ലാവരെയും പ്രചോദിപ്പിക്കുന്ന താരമാണ് റിഷഭ് പന്ത്. പന്തിനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചതിലൂടെ സംസ്ഥാനത്തിന്‍റെ കായികരംഗത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെടും, ധാമി വ്യക്‌തമാക്കി.
തന്നെ ഉത്തരാഖണ്ഡ് ബ്രാൻഡ് അംബാസഡറായി നിയമിച്ചതിന് സർക്കാരിനോട് റിഷഭ് പന്ത് നന്ദി അറിയിച്ചു. സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നൽകിയിട്ടുണ്ടെന്നും യുവാക്കൾക്ക് മികച്ച കായിക അന്തരീക്ഷം ഒരുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും പന്ത് പറഞ്ഞു.