ഗുരുഗ്രാം: 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു സംഘം ഹിന്ദു പ്രവർത്തകർ സ്വകാര്യ സ്‌കൂളിൽ അതിക്രമിച്ച് കയറി ക്രിസ്‌മസ് പ്രാർഥന തടസപ്പെടുത്തി. പട്ടൗഡിയിലെ നർഹെദ റോഡിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. സംഭവത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സ്‌കൂളിൽ അതിക്രമിച്ച് കയറിയ ഹിന്ദു പ്രവർത്തകർ ഗായകസംഘത്തിലെ ആളുകളെ വേദിയിലേക്ക് തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്‌തു.
ക്രിസ്‌തുമതം ഇവിടെ സ്വീകാര്യമല്ല. ഞങ്ങൾ യേശുക്രിസ്‌തുവിനെ അനാദരിക്കുകയല്ല. പക്ഷേ വരും തലമുറ ഒരു മതത്തിലും വശീകരിക്കപ്പെടരുത്. അങ്ങനെ വന്നാൽ ഇന്ത്യയുടെ സംസ്‌കാരം നശിക്കും. സംസ്‌കാരം സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞ എടുക്കണമെന്നും 'ജയ് ശ്രീറാം' ജപിക്കണമെന്നും അക്രമികൾ ഒരാൾ പറയുന്നത് വീഡിയോയിൽ കാണാം.
'ജയ് ശ്രീറാം, സനാതൻ ധർമം കി ജയ്' എന്നീ മുദ്രാവാക്യങ്ങളും ഇയാൾ ഉയർത്തി. ഹിന്ദുക്കളെ മതം മാറ്റാനാണ് ഇത്തരം പരിപാടികൾ നടക്കുന്നതെന്ന് അക്രമി സംഘം ആരോപിച്ചു.
പ്രാർഥിക്കാനും മതാനുഷ്‌ഠാനത്തിനുമുള്ള അവകാശത്തിന്‍റെ ലംഘനമാണ് ആക്രമണമെന്നും ഓരോ ദിവസം ചെല്ലുന്തോറും ഇത്തരത്തിലുള്ള ശല്യം കൂടി വരികയാണെന്നും പ്രദേശത്തെ പാസ്റ്റർ പറഞ്ഞു. എന്നാൽ സംഭവത്തിൽ പൊലീസിന് ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷൻ ഹൗസ് ഓഫിസർ അമിത് കുമാർ പറഞ്ഞു.