ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാൻ വിസമ്മതിച്ച സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ (Review petition on same sex marriage) നവംബർ 28ന് പരിഗണിക്കും. തുറന്ന കോടതിയിൽ വാദം കേൾക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (D Y Chandrachud) അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിധി പ്രസ്‌താവന നടത്തിയ ഭരണഘടനാ ബെഞ്ചിലെ എല്ലാ ജഡ്‌ജിമാരും സുപ്രീം കോടതി വിധിയിൽ വിവേചനമുള്ളതായി സമ്മതിക്കുന്നുണ്ടെന്ന് റോത്തഗി പറഞ്ഞു. വിവേചനമുണ്ടെങ്കിൽ കോടതി അതിന് പ്രതിവിധിയുണ്ടാക്കണമെന്നും റോത്തഗി വാദിച്ചു.
ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം ഇതിനെ ആശ്രയിച്ചാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനാൽ തന്നെ തുറന്ന കോടതിയിൽ വാദം കേൾക്കാൻ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹർജി നവംബർ 28ന് പരിഗണിച്ച് തീരുമാനത്തിലെത്തുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി.
സ്വവർഗ വിവാഹത്തിൽ വന്ന സുപ്രീം കോടതി വിധി തികച്ചും അന്യായമാണെന്ന് ഹർജിക്കാരിലൊരാളായ ഉദിത് സൂദ് വാദിച്ചു. അതിനാൽ തന്നെ സുപ്രീം കോടതിയുടെ തീരുമാനം പുനഃപരിശോധിച്ച് പിഴവുകൾ പരിഹരിക്കണമെന്ന് സൂദ് ആവശ്യപ്പെട്ടു.
ഒക്ടോബർ 17 നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ച് വിധി ഇറക്കിയത്. നിയമം അനുവദിക്കുന്നത് ഒഴികെയുള്ള വിവാഹത്തിന് അനുമതി തരാനാകില്ലെന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞത്.
അതേസമയം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ പങ്കാളിത്തം അംഗീകരിക്കുന്നതിന് വേണ്ടി വാദിക്കുകയും എൽജിബിടിക്യു + (LGBTQIA+) വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നിയമങ്ങൾ ഉണ്ടാക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
തടവുശിക്ഷ പോലുള്ള നിർബന്ധിത ഭരണകൂട നടപടികള്‍, വിവാഹം കഴിക്കാനുള്ള പ്രായപൂർത്തിയായ ഒരാളുടെ മൗലികാവകാശത്തെ വെട്ടിക്കുറയ്ക്കില്ലെന്ന് സൂദിന്‍റെ അപേക്ഷയിൽ പറയുന്നു,
എൽജിബിടിക്യു കമ്മ്യൂണിറ്റി നേരിടുന്ന വിവേചനം വിധിയിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും വിവേചനത്തിന്‍റെ കാരണം നീക്കം ചെയ്‌തിട്ടില്ലെന്നും നിയമനിർമ്മാണ തിരഞ്ഞെടുപ്പുകൾ തുല്യാവകാശം നിഷേധിക്കുന്നതിലൂടെ സ്വവർഗ ദമ്പതികളെ മനുഷ്യരേക്കാൾ കുറവായി കാണുന്നുവെന്നും ഹർജിയിൽ വാദിച്ചു. എൽജിബിടിക്യു ആളുകൾ ഒരു പ്രശ്‌നമാണെന്ന് പ്രതികരിച്ചവർ വിശ്വസിക്കുന്നുവെന്നാണ് സർക്കാരിന്‍റെ നിലപാട് കാണിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.