ഹൈദരാബാദ് (തെലങ്കാന): നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആരുമറിയാതെ മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ബിആർഎസ് സർക്കാർ 22 ടൊയോട്ട ലാൻഡ് ക്രൂയിസർ കാറുകൾ വാങ്ങിയതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണം (Revanth Reddy alleges BRS government bought 22 Toyota Land Cruisers ). ബിആർഎസ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും കെസിആറിന് അവ ഉപയോഗിക്കാൻ കഴിയുമെന്നും പ്രതീക്ഷിച്ചാണ് കാറുകൾ വാങ്ങിയതെന്ന് രേവന്ത് റെഡ്ഡി ബുധനാഴ്‌ച പറഞ്ഞു.
'പ്രജാ പാലന' ജനസമ്പർക്ക പരിപാടിക്ക് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയിലെ ജനങ്ങൾ കഴിഞ്ഞ സർക്കാറിന്‍റെ ഭരണത്തിൽ പൊറുതി മുട്ടിയതായും അദ്ദേഹം കൂട്ടിച്ചോർത്തു. "മുഖ്യമന്ത്രിയായ ശേഷം, എനിക്ക് പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന് ഞാൻ നിർദേശം നൽകിയിരുന്നു, എന്നാൽ ബിആർഎസ് സർക്കാർ 22 ലാൻഡ് ക്രൂയിസറുകൾ വാങ്ങി വിജയവാഡയിൽ സൂക്ഷിച്ചു. ഞാൻ മുഖ്യമന്ത്രിയായി 10 ദിവസം വരെ അതേക്കുറിച്ച് അറിഞ്ഞിരുന്നില്ല." രേവന്ത് റെഡ്ഡി പറഞ്ഞതിങ്ങനെ.
വാഹനങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്ന് റെഡ്ഡി പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളായതിനാൽ ഓരോ വാഹനത്തിനും 3 കോടി രൂപയാണ് ചെലവ്. ബിആർഎസ് സർക്കാരിന്‍റെ നേതാക്കൾ ഒരു ലക്ഷം കോടി രൂപയോളം കൊള്ളയടിച്ചതായും (Revanth Reddy against BRS government) ഇത് സർക്കാർ പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു.