മധുര: കൈക്കൂലിക്കേസില്‍ എന്‍ഫോഴ്‌മെന്‍റ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി ഡിഎംകെ എംപി കനിമൊഴി രംഗത്ത്. ഉദ്യോഗസ്ഥന്‍റെ അറസ്റ്റ് പകപോക്കലോ പ്രതികാരമോ അല്ലെന്ന് കനിമൊഴി പറഞ്ഞു. നാട്ടില്‍ നീതിയും ന്യായവും ഉറപ്പാക്കാന്‍ ശക്തമായ നടപടികളുണ്ടാകുമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പോലെ ഡിഎംകെ പെരുമാറില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.Kanimozhi on arrest of ED official in Tamil Nadu തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ഉദ്യോഗസ്ഥരാണ് ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്ന് മധുരയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സോണല്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.
(Vigilance raid at ED office in Madurai) 2016 ബാച്ച് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് തമിഴ്നാട് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഡിണ്ടുഗല്‍ ജില്ലയിലെ ഒരു ഡോക്ടറില്‍ നിന്നാണ് ഇദ്ദേഹം കൈക്കൂലി സ്വീകരിച്ചത്. ഡിണ്ടുഗല്‍-മധുര ദേശീയപാതയില്‍ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു.
തിവാരിയുടെ അറസ്റ്റിന് പിന്നാലെ ഭരണകക്ഷിയായ ഡിഎംകെയുടെ മുഖപത്രമായ മുരശൊലി കേന്ദ്രസര്‍ക്കാരിനെതിരെ നിശിതമായ വിമര്‍ശനവുമായി എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു. ഡിഎംകെ സര്‍ക്കാരിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ ബിജെപി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചതു പോലല്ല ഇ ഡി ഉദ്യോഗസ്ഥനെ പിടി കൂടിയതെന്ന് എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥന്‍ നിരപരാധിയായിരുന്നെങ്കില്‍ വിജിലന്‍സിനെ വെട്ടിച്ച് ഓടിയൊളിക്കാന്‍ ശ്രമിക്കില്ലെന്നായിരുന്നു തമിഴ്നാട് കോണ്‍ഗ്രസിന്‍റെ പ്രതികരണം. തമിഴ്നാട് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി ഓഫീസില്‍ വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയത്. അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ നിരപരാധി ആയിരുന്നെങ്കില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ അഭിമുഖീകരിക്കാന്‍ എന്തിനായിരുന്നു മടിയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.
ഒരാളിന്‍റെ പ്രവൃത്തിക്കൊണ്ട് മൊത്തം വകുപ്പിനെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹത്തെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തൂത്തുക്കുടിയില്‍ പറഞ്ഞു. ഇതാദ്യമായല്ല ഒരു ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത്. അവസാനവും ആകില്ല. മുന്‍പും ഇത്തരത്തില്‍ വിവിധ ഏജന്‍സികളായ സിബിഐ, ഇഡി തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്കിത് തിവാരിയുടെ വസതിയിലും പരിശോധനയുണ്ടായി. ഇദ്ദേഹത്തില്‍ നിന്ന് നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരാരെങ്കിലും ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ നിര്‍ബന്ധിതനാക്കിയതാണോ എന്ന കാര്യവും പരിശോധിക്കും. തിവാരിയുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലും പരിശോധന നടത്തും. തിവാരിയും മറ്റ് പല ഉദ്യോഗസ്ഥരും പലരയെും ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേസുകള്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കൈക്കൂലി വാങ്ങുന്നതെന്നും ഇവര്‍ പറയുന്നു.
Read more; ഇഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസ്; തെളിവായത് വീഡിയോ ദൃശ്യം