ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും പൊതുയൂണിഫോമെന്ന നിർദേശത്തില്‍ 24 സംസ്ഥാനങ്ങളുടെ പ്രതികരണം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച, നിര്‍ദേശത്തിലെ പ്രതികരണം സംബന്ധിച്ചുള്ള ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു. സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രം സംഘടിപ്പിച്ച 'ചിന്തൻ ശിവിർ' പരിപാടിയിലാണ് 'ഒരു രാഷ്‌ട്രം, ഒരു പൊലീസ് യൂണിഫോം' എന്നത് പരിഗണിക്കാൻ നിര്‍ദേശം നല്‍കിയിരുന്നത്.
ഒറ്റ പൊലീസ് യൂണിഫോം രാജ്യത്തെ സംസ്ഥാനങ്ങളുടെ സേനയ്‌ക്ക് ഐക്യം നല്‍കുമെന്നും രാജ്യത്തുടനീളമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പൗരര്‍ എളുപ്പത്തിൽ തിരിച്ചറിയുമെന്നുമാണ് കേന്ദ്രവാദം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം പൊലീസ് ഒരു സംസ്ഥാന ആഭ്യന്തര വിഷയമാണ്. നിലവില്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അവരുടേതായ നിർദിഷ്‌ട പൊലീസ് യൂണിഫോം നിറവും ചിഹ്നവും ബാഡ്‌ജും ഉണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഒരു രൂപത്തിലേക്ക് മാറ്റുന്നതില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ തങ്ങള്‍ അഭ്യർഥിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.