ബെംഗളൂരു : ഒരു ജീവനക്കാരൻ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് രാജിവെക്കാൻ തൊഴിലുടമയ്ക്ക് സമർപ്പിച്ച രാജിക്കത്ത് ഭാര്യയ്‌ക്കോ മക്കൾക്കോ പിൻവലിക്കാൻ ആകില്ലെന്ന് കർണാടക ഹൈക്കോടതി. മാണ്ഡ്യ മദ്ദൂരിലെ പ്രൈമറി അഗ്രികൾച്ചറൽ ഫാർമേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജീവനക്കാരനായിരുന്ന ഡി വെങ്കിടേഷ് 2021 നവംബർ 11-ന് അദ്ദേഹത്തിന്‍റെ ജോലി രാജിവച്ചിരുന്നു. വെങ്കിടേഷിന്‍റെ രാജി സ്വീകരിക്കാൻ ഫാർമേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭർത്താവിന്‍റെ രാജി കത്ത് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടേഷിന്‍റെ ഭാര്യ കത്ത് നൽകി.
ഭാര്യയുടെ ആവശ്യപ്രകാരം രാജിക്കത്ത് സ്വീകരിക്കേണ്ടതില്ല എന്ന് അഗ്രികൾച്ചറൽ ഫാർമേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി എടുത്ത തീരുമാനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് വെങ്കിടേഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്നാണ് ഭർത്താവിന്റെ രാജി ഭാര്യക്ക് പിൻവലിക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടത്.
ജോലിയിൽ തുടരാൻ തയ്യാറാകാതെ ജീവനക്കാരൻ തന്നെ രാജി രാജിവെക്കുന്ന സാഹചര്യത്തിൽ അയാളുടെ ഭാര്യയെയോ മക്കളെയോ അയാളെ ജോലിയില്‍ തുടരാൻ എങ്ങനെ പ്രേരിപ്പിക്കുമെന്നും ഒരു ജീവനക്കാരന്റെ രാജി എന്നത് അയാളുടെ സ്വമേധയാ ഉള്ള ഒരു പ്രവൃത്തിയാണെന്നും കോടതി പറഞ്ഞു. രാജിയിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്നത്, ദാഹിച്ചിട്ടും വെള്ളം കുടിക്കാൻ മനസ്സില്ലാത്ത കുതിരയെ വെള്ളം കുടിക്കാൻ നദിയിലേക്ക് വലിച്ചെറിയുന്നതുപോലെയാണ്. രാജി എന്നത് ജീവനക്കാരന്‍റെ സ്വമേധയാ ഉള്ള തീരുമാനമാണ് അത് സമർപ്പിച്ചുകൊണ്ട് അദ്ദേഹം സർവീസ് ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ തൊഴിലുടമ അത് സ്വീകരിക്കുന്നതിന് മുമ്പ് തീരുമാനം പിൻവലിക്കണമെങ്കിൽ ജീവനക്കാരൻ തന്നെ രാജി പിൻവലിക്കണം. ജീവനക്കാരന്‍റെ പേരിൽ രാജി പിൻവലിക്കാൻ ഭാര്യയെയും മക്കളെയും അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ജീവനക്കാരൻ രാജി കത്ത് പിൻവലിക്കുകയാണെങ്കിൽ പിൻവലിക്കലിനുള്ള അപ്പീലുകൾ ജീവനക്കാരൻ തന്നെ സമർപ്പിക്കണം. ഇത്തരമൊരു ആശയം സേവന നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ജഡ്ജി ബെഞ്ച് വിധി പ്രസ്താവിച്ചത്.