ന്യൂഡല്‍ഹി: രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കം. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനം ഉൾപ്പെടുത്തുന്നതിനായാണ് ജനുവരി 24ന് പകരം ജനുവരി 23 മുതൽ തന്നെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നത്.
നേതാജിയുടെ 125-ാം ജന്മവാർഷികമാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. വൈകുന്നേരം 6 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.
ചടങ്ങില്‍ സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്‌കാരങ്ങളും പ്രധാനമന്ത്രി സമ്മാനിക്കും. 2019, 2020, 2021, 2022 വര്‍ഷങ്ങളിലെ പുരസ്‌ക്കാരങ്ങളാണ് നല്‍കുന്നത്. മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് സമ്മാനിക്കുന്നത്.
30,000 ല്യൂമെന്‍സ് 4കെ പ്രൊജക്ടറാണ് ഹോളോഗ്രാം പ്രതിമയുടേത്. അദൃശ്യമവും 90% സുതാര്യവുമായ ഹോളോഗ്രാഫിക് സ്‌ക്രീന്‍ സന്ദര്‍ശകര്‍ക്ക് ദൃശ്യമാകാത്ത വിധത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
28 അടി ഉയരത്തിലും ആറ് അടി വീതിയിലുമായി ഗ്രാനൈറ്റില്‍ തീർക്കുന്ന പ്രതിമയാവും സ്ഥാപിക്കുകയെന്ന് പ്രധാമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെയാണ് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കുന്നത്.
ഇംഗ്ലണ്ടിലെ മുൻ രാജാവായിരുന്ന ജോർജ് അഞ്ചാമന്‍റെ 70 അടി ഉയരമുള്ള പ്രതിമയുണ്ടായിരുന്ന സ്ഥലത്താണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. 1968ൽ ജോർജ് രാജാവിന്‍റെ പ്രതിമ ഇവിടെ നിന്നും നീക്കം ചെയ്തിരുന്നു.