ഡല്‍ഹി: എല്ലാ ജീവൻ രക്ഷാ മരുന്നുകളുടെയും കൊവിഡ് ചികിത്സ ഉപകരണങ്ങളുടെയും ജിഎസ്‌ടി കേന്ദ്രസർക്കാർ ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. മഹാമാരി കാലത്ത് ഇതിലൊക്കെ നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് പ്രിയങ്കയുടെ പ്രതികരണം. ആംബുലൻസ്, ആശുപത്രി കിടക്ക, വെന്‍റിലേറ്റർ, ഓക്സിജൻ, മരുന്നുകൾ, വാക്സിൻ തുടങ്ങിയവയ്ക്ക് വേണ്ടി ജനങ്ങൾ കഷ്ടപ്പെടുന്ന ഈ കാലത്ത് ജീവൻ രക്ഷാ മരുന്നുകൾക്കും കൊവിഡ് ചികിത്സാ ഉപകരണങ്ങൾക്കും ജിഎസ്‌ടി ഈടാക്കുന്നത് ക്രൂരതയാണെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇത്തരം സാധനങ്ങളുടെയും അവയ്ക്ക് ഈടാക്കുന്ന ജിഎസ്‌ടി നിരക്കിന്‍റെയും പട്ടികയും പ്രിയങ്ക ഒപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read Also……..ജിഎസ്‌ടി കൗണ്‍സില്‍ യോഗം മെയ് 28ന്, നിര്‍മല സീതാരാമന്‍ അധ്യക്ഷ
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 3660 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23, 43,152 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.