ലഖ്‌നൗ: അടുത്ത നാല് വര്‍ഷങ്ങള്‍ കൊണ്ട് ഉത്തര്‍ പ്രദേശില്‍ റിലയന്‍സ് ഗ്രൂപ്പ് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി. 5ജി മൊബൈല്‍ സേവനം, ചില്ലറ വിപണന മേഖല, പുനരുപയോഗ ഊര്‍ജം(renewable energy) എന്നിവയിലാണ് ഈ തുക ഉത്തര്‍ പ്രദേശില്‍ റിലയന്‍സ് നിക്ഷേപിക്കുക. കാര്‍ഷിക അവശിഷ്‌ടങ്ങള്‍ ഊര്‍ജമായി പരിവര്‍ത്തിപ്പിക്കുന്ന ജൈവ ഊര്‍ജ വ്യവസായം ഉത്തര്‍ പ്രദേശില്‍ തങ്ങള്‍ ആരംഭിക്കുമെന്നും റിലയന്‍സ് വ്യക്തമാക്കി.
വ്യവസായത്തിനും, വാഹനങ്ങള്‍ക്കും, പാചകത്തിനുമൊക്കെ വലിയ രീതിയില്‍ ജൈവ ഇന്ധനം ലഭ്യമാക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. 10 ജിഗാവാട്ടിന്‍റെ പുനരുപയോഗ ഊര്‍ജശേഷിയും, സംസ്ഥാനത്ത് ഉടനീളം 5ജി സേവനവും അടുത്ത പത്ത് മാസത്തിനുള്ളില്‍ റിലയന്‍സ് ലഭ്യമാക്കുമെന്നും ഉത്തര്‍ പ്രദേശ് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റ് 2023ല്‍ സംസാരിച്ച് കൊണ്ട് മുകേഷ് അംബാനി വ്യക്തമാക്കി.
5ജി എല്ലാ മേഖലയേയും പരിവര്‍ത്തിപ്പിക്കും: തങ്ങളുടെ നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ഉത്തര്‍ പ്രദേശില്‍ സൃഷ്‌ടിക്കും. 50,000 കോടി രൂപ നിലവില്‍ ഉത്തര്‍ പ്രദേശില്‍ നിക്ഷേപിക്കപ്പെട്ടതിന് പുറമെയാണ് ഈ പുതിയ നിക്ഷേപങ്ങള്‍. സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഉത്തര്‍ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും 5ജി സേവനം നല്‍കുന്നത് ഡിസംബര്‍ 2023ഓടെ പൂര്‍ത്തിയാക്കും.
കച്ചവടം, വ്യവസായം, കാര്‍ഷികം, സാമൂഹിക രംഗം, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളേയും 5ജി നവീകരിക്കും. തങ്ങളുടെ നവീന സംരഭങ്ങളായ 'ജിയോ സ്‌കൂള്‍', 'ജിയോ എഐ ഡോക്‌ടര്‍' എന്നിവയുടെ പൈലറ്റ് ഉത്തര്‍ പ്രദേശില്‍ ഉടന്‍ ആരംഭിക്കും. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും, ചികിത്സയും ചെലവ് കുറഞ്ഞ രീതിയില്‍ ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
റിലയന്‍സ് റീട്ടെയില്‍ വിപ്ലവാത്‌മക പരിവര്‍ത്തനം സൃഷ്‌ടിക്കും: ചെറുകിട കച്ചവടക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്ന രീതിയില്‍ റിലയന്‍സ് റീട്ടേയില്‍ വിപ്ലവാത്‌മകമായ പരിവര്‍ത്തനം ഉണ്ടാക്കും. റിലയന്‍സ് റീട്ടെയിലിന് സ്‌റ്റോറുകള്‍ മാത്രമല്ല ഉപഭോക്താക്കളെ അടുത്തുള്ള ചെറിയ കടകളെ ബന്ധിപ്പിക്കുന്ന തരത്തില്‍ മൊബൈല്‍ ആപ്പും, വെബ്‌സൈറ്റും ഉണ്ടാകും. കൃഷിക്കാരെയും, കരകൗശല നിര്‍മാണക്കാരെയും, ചെറുകിട ഇടത്തരം വ്യവസായങ്ങളെയും സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിലയന്‍സ് റീട്ടേയില്‍ നടത്തുക. തങ്ങളുടെ പുതിയ ജൈവ ഊര്‍ജ വ്യവസായം കര്‍ഷകരെ സഹായിക്കുന്നതും, മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തി പ്രകൃതി സംരക്ഷണത്തിന് വഴിയൊരുക്കുന്നതുമായിരിക്കും.
കേന്ദ്ര ബജറ്റിനെ ശ്ലാഘിച്ച് മുകേഷ് അംബാനി: ഇന്ത്യ ഒരു വികസിത രാജ്യമായി വളരാനുള്ള അടിത്തറ പാകുന്നതാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ്. സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കുന്നതിന് വേണ്ടി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ തുക മൂലധന നിക്ഷേപത്തിനായി ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇത് കേവലം സാമ്പത്തിക വളര്‍ച്ചയ്‌ക്ക് മാത്രമല്ല വഴിയൊരുക്കുക. മറിച്ച് സാമൂഹ്യ ക്ഷേമത്തിനും വഴിയൊരുക്കും.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തം: ഇന്ത്യ വളരെ ശക്തമായ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്നത് സംബന്ധിച്ച് തനിക്ക് തികഞ്ഞ ആത്‌മവിശ്വാസം ഉണ്ട്. ഇതിന്‍റെ പ്രധാന കാരണങ്ങള്‍ വികസിത രാജ്യങ്ങളില്‍ പോലും ഉള്ളതിനെക്കാള്‍ കൂടുതല്‍ നിരക്കില്‍ സാങ്കേതിക വിദ്യ ഇന്ത്യക്കാര്‍ പുല്‍കുന്നു എന്നതും, ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ള രാജ്യം ഇന്ത്യയാണ് എന്നതും, ദീര്‍ഘവീക്ഷണമുള്ള നേതൃത്വം രാജ്യത്തിനുണ്ട് എന്നതുമാണ്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ല. അവ വളരെ ശക്തമാണ്. വ്യവസായ സംരംഭങ്ങള്‍ ഇത് പ്രയോജനപ്പെടുത്തി ശക്തമായി മുന്നേറുകയാണ് വേണ്ടത്.
ഉത്തര്‍പ്രദേശിനെ ഏറ്റവും സമൃദ്ധമായ സംസ്ഥാനമായി മാറ്റണം: ക്രമസമാധാന നില മെച്ചപ്പെട്ടതിനും, അടിസ്ഥാന സൗകര്യ വികസനത്തിലും, വ്യവസായ സാഹചര്യം മെച്ചപ്പെട്ടതിനും യുപി സര്‍ക്കാറിനെ മുകേഷ് അംബാനി പ്രശംസിച്ചു. നമ്മള്‍ എല്ലാവരും ഒരുമിച്ചാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തെ(യുപി) ഏറ്റവും സമൃദ്ധിയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്നും മുകേഷ് അംബാനി പറഞ്ഞു.