ന്യൂഡൽഹി: കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള കരാർ റിലയൻസ് റീട്ടെയിൽസ് ആറുമാസം കൂടി നീട്ടി. റീട്ടെയിൽ, ഹോൾസെയിൽ വ്യവസായങ്ങൾ വാങ്ങുന്നതിനായി കിഷോർ ബിയാനി ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള 24,713 കോടി രൂപയുടെ കരാർ പൂർത്തിയാക്കാനാണ് കാലാവധി നീട്ടിയത്. മാർച്ച് 31 മുതൽ സെപ്‌റ്റംബർ 30 വരെയാണ് കാലാവധി. മുൻഗണനയുള്ള എല്ലാ നിബന്ധനകളും പാലിച്ച് കക്ഷികൾ ഇടപാട് പൂർത്തിയാക്കുന്നത് അംഗീകരിക്കുന്ന ഒരു സമയപരിധിയാണിത്.
2020 ഓഗസ്റ്റ് 29ന് പ്രഖ്യാപിച്ച ഫ്യൂച്ചർ- റിലയൻസ് കരാറിന് സിസിഐ, സെബി, ബോഴ്‌സുകൾ തുടങ്ങിയ റെഗുലേറ്റർമാരിൽ നിന്ന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്‍റെയും ഷെയർഹോൾഡർമാരുടെയും അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. റിലയൻസ് ഇൻഡസ്‌ട്രീസും ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിൽ തുടർ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ഡൽഹി ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് ഫ്യൂച്ചർ ഗ്രൂപ്പും ഹർജി സമർപ്പിച്ചിരുന്നു.