ന്യൂഡൽഹി: ഡൽഹി, വടക്ക്-പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ സാധാരണയിൽ നിന്ന് അഞ്ച് മുതൽ ആറ് ഡിഗ്രി വരെ കൂടുതൽ താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ വെള്ളിയാഴ്‌ച 33 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിത്. വരും ദിവസങ്ങളിലും ഇത് അതേപടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാർച്ച് 1, 2 തീയതികളിൽ താപനിലയിൽ നേരിയ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കാറ്റിന്‍റെ ദിശയിൽ മാറ്റം വരുന്നതും പർവതങ്ങളിൽ നിന്ന് വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയേക്കാവുന്നതും താപനില കുറച്ചേക്കാംമെന്നും അധികൃതർ കൂട്ടിചേർത്തു.
ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പടിഞ്ഞാറൻ എംപി എന്നിവിടങ്ങളിലും സാധാരണ താപനിലയേക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയത്. അതേസമയം, ഒഡീഷയിലെ ഭുവനേശ്വർ വെള്ളിയാഴ്‌ച 40.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ്. അടുത്ത മൂന്ന്, നാല് ദിവസത്തേക്ക് താപനില ഉയർന്ന തോതിൽ തുടരുമെന്നും അതിനുശേഷം നേരിയ കുറവുണ്ടാകുമെന്നും ഐഎംഡി ഡയറക്‌ടർ ഭുവനേശ്വർ എച്ച്ആർ ബിശ്വാസ് പറഞ്ഞു.