അമരാവതി: പ്രശസ്‌തമായ പഞ്ചരാമ ക്ഷേത്രങ്ങളിലൊന്നായ ദ്രാക്ഷാരാമത്തിലേക്ക് പ്രവേശിക്കുമ്പോള്‍ റോഡരികിലായി ഒരു ചെറിയ ഷെഡ്ഡ്. അതിനുള്ളിൽ ഇരുമ്പ് ഉപകരണങ്ങളുടെ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ഒരു മനുഷ്യൻ. ഹൈടെക് രാമു എന്ന പേരിൽ പ്രസിദ്ധനായ ഇദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് റെഡ്ഡി സീതാറാം എന്നാണ്. ആദ്യം കാണുമ്പോൾ മറ്റുള്ള മെക്കാനിക് ഷോപ്പ് പോലെ തോന്നുമെങ്കിലും ഇതിന് ഒരു സവിശേഷതയുണ്ട്. രാജ്യത്തുടനീളം നിരവധി യന്ത്രങ്ങള്‍ വിതരണം ചെയ്ത ചരിത്രമുണ്ട്. ഏതെങ്കിലും ഒരു ഉപകരണം നിർമിക്കാനായി തന്‍റെ അടുക്കലേക്കെത്തുന്നവർക്ക് റെഡ്ഡി സീതാറാം എന്ന ഹൈടെക് രാമു മിതമായ നിരക്കിൽ അത് നിർമിച്ച് കൊടുക്കും.
സ്വന്തം നാട്ടിൽ ഹൈടെക് രാമു എന്ന പേരിലാണ് റെഡ്ഡി സീതാറാം അറിയപ്പെടുന്നത്. പുതിയ ഉപകരണങ്ങളും യന്ത്രങ്ങളും രൂപകല്‍പ്പന ചെയ്യുന്നതില്‍ വളരെയധികം തൽപരനാണ് അദ്ദേഹം. ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും തന്‍റെ ജീവിതോപാധിയായി അദ്ദേഹം വെൽഡിങ് പഠിച്ചു. ഇപ്പോൾ ജനല്‍ ഗ്രില്ലുകളും വാതിലുകളുമൊക്കെ നിർമിച്ച് കൊടുക്കുന്ന ഒരു വെല്‍ഡിങ് ഷോപ്പും സ്വന്തമായുണ്ട്. ജോലിക്കിടയിലും അദ്ദേഹം തന്‍റെ പരീക്ഷണങ്ങൾ തുടര്‍ന്ന് കൊണ്ടിരുന്നു. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ പ്രോജക്ടിനായി ഇതുവരെ മുപ്പതോളം യന്ത്രങ്ങൾ നിർമിച്ച് നൽകിയിട്ടുണ്ട്.
പതിവായി ജിമ്മില്‍ പോകുന്ന ആളു കൂടിയാണ് സീതാറാം. ഇതോടെ അദ്ദേഹം ശാരീരിക ക്ഷമത കൈവരിക്കുന്നതിനായുള്ള പുതിയ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ആരംഭിച്ചു. ഇത്തരം ഉപകരണങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ട്. നല്ല പ്രോത്സാഹനം ലഭിച്ചാല്‍ സീതാറാം പുതിയ ഒട്ടേറെ കണ്ടെത്തലുകള്‍ നടത്തുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പുതിയ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലാണ് സീതാറാം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പണത്തേക്കാളുപരി ചെയ്യുന്ന തൊഴിലാണ് സംതൃപ്തി നല്‍കുന്നത്. തന്‍റെ തൊഴിലിലൂടെ തുച്ഛമായ പണം മാത്രമാണ് അദ്ദേഹം സമ്പാദിക്കുന്നത്. രാജ്യത്തിന് വേണ്ടി നിരവധി കണ്ടു പിടിത്തങ്ങൾ നടത്താൻ തനിക്ക് സാധിക്കുമെന്നും തന്‍റെ പരിശ്രമങ്ങൾക്ക് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് സഹായങ്ങള്‍ വേണമെന്നും അദ്ദേഹം പറയുന്നു.