ന്യൂഡൽഹി: കാർഷിക നിയമത്തിൽ കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും കർഷക സംഘടനകൾ ചർച്ചയുടെ തിയ്യതി അറിയിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. കാർഷിക നിയമത്തിൽ കർഷക സംഘടനകൾ ആവശ്യപ്പെടുന്ന തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും സർക്കാരിനെ അറിയിച്ചാൽ സർക്കാർ ഇക്കാര്യങ്ങള്‍ പരിഗണിക്കും. കേന്ദ്ര സർക്കാർ കാർഷിക നിയമം രൂപീകരിച്ചതിന്‍റെ ഉദ്ദേശ്യം മനസിലാക്കണം. ചർച്ചകളിലൂടെയാണ് വിപ്ലവങ്ങൾ സംഭവിച്ചിട്ടുള്ളതെന്നും നമുക്ക് ജനാധിപത്യ സംവിധാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്‌ച കർഷകരുമായി വീണ്ടും ചർച്ചകൾക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഒരു കോടി കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡ് സംവിധാനത്തിന് കീഴിൽ കൊണ്ടുവന്ന ബാങ്കുകൾക്ക് നന്ദി അറിയിക്കുന്നുവെന്നും എട്ട് മാസത്തിനുള്ളിൽ കർഷകർക്ക് ഒരു ലക്ഷം കോടി രൂപ ധനസഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു. നവംബർ 26 മുതൽ തലസ്ഥാനത്ത് കാർഷിക സമരങ്ങൾ നടക്കുകയാണ്. കേന്ദ്രസർക്കാർ കർഷകരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.