മുംബൈ: എടിഎം പണമിടപാടുകളിൽ സുപ്രധാന മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്കെല്ലാം മാറ്റം ബാധകമാണ്.
പണം പിൻവലിക്കൽ, ഫണ്ട് കൈമാറ്റം മുതലായവയ്ക്ക് 15 രൂപയിൽ നിന്ന് 17 രൂപയായും, പിന്‍ മാറൽ, ചെക്ക് ബുക്ക് അഭ്യർഥന എന്നിവയ്ക്ക് അഞ്ചിൽ നിന്ന് 6 രൂപയുമാക്കിയാണ് റിസർവ് ബാങ്കിന്‍റെ പുതിയ പരിഷ്കാരം. പുതിയ മാറ്റങ്ങൾ ഓഗസ്റ്റ് 1ന് പ്രാബല്യത്തിൽ വരും. ഉപഭോക്താവ് മറ്റൊരു ബാങ്കിന്‍റെ എടിഎം ഉപയോഗിക്കുമ്പോൾ ഒരു ബാങ്ക് മറ്റൊരു ബാങ്കിന് ഈടാക്കുന്ന നിരക്കാണ് 'ഇന്‍റർചേഞ്ച് ഫീസ്'. ഫീസ് വർധനവ് കണക്കിലെടുത്ത് എടിഎം ഇടപാടുകൾക്കുള്ള നിരക്കുകൾ ഓരോ ഇടപാടിനും 20 രൂപയിൽ നിന്ന് 21 രൂപയായി വർധിപ്പിക്കാന്‍ ആർബിഐ ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഉപഭോക്താക്കൾക്ക് ആശ്വാസമായി ഈ മാറ്റം 2022 ജനുവരി 1 മുതൽ നടപ്പിലാക്കിയാൽ മതിയാകുമെന്ന് ആർബിഐ ബാങ്കുകളോട് ശിപാർശ ചെയ്തിട്ടുണ്ട്. അതേസമയം ഉപഭോക്തക്കൾക്ക് സ്വന്തം ബാങ്ക് എടിഎമ്മുകളിൽ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ തുടരുമെന്ന് ആർബിഐ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ആർബിഐ ഇന്‍റർചേഞ്ച് ഫീസ് വർധനവ്, എടിഎം വിന്യാസത്തിന്‍റെ ചെലവ്, ബാങ്കുകൾ വഹിക്കുന്ന എടിഎം അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകൾ എന്നിവ കണക്കിലെടുത്ത് നിരക്കുകൾ വർധിപ്പിക്കാന്‍ തീരുമാനമായത്.
Also read: ഗെയിം കളിച്ച് 40,000 രൂപ നഷ്ടപ്പെട്ടു; മധ്യപ്രദേശില്‍ 13 കാരന്‍ ആത്‌മഹത്യ ചെയ്‌തു