ഭുവനേശ്വര്‍: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഭക്തരെ പ്രവേശിപ്പിക്കാതെ നടത്താൻ തീരുമാനം. കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞ വര്‍ഷത്തെ പോലെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചടങ്ങ് നടത്തുകയെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയവര്‍ക്കും രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും മാത്രമെ രഥം വലിക്കാൻ അനുവദിക്കുകയുള്ളു.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം കര്‍ശന നിയന്ത്രണങ്ങളോടെ ജൂലൈ 12ന് രഥയാത്ര നടത്തും. 1000 പൊലീസുകാരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വിന്യസിച്ചിരിക്കുന്നത്. രഥം വലിക്കുന്നതിനായി 3000 പേര്‍ക്കും 1000 ക്ഷേത്ര ഭാരവാഹികള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം. ഭക്തർക്കായി വിവിധ ചാനലുകളിൽ തൽത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
പുരി ജഗന്നാഥ ക്ഷേത്രത്തിലേതൊഴികെയുള്ള മുഴുവൻ രഥയാത്രകളും നിരോധിച്ച ഒഡിഷ സർക്കാർ തീരുമാനത്തിനെതിരായ ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി ചൊവ്വാഴ്‌ച വ്യക്തമാക്കിയിരുന്നു.
Also Read: India covid -19: രോഗവ്യാപനം കുറയാതെ കേരളവും മഹാരാഷ്ട്രയും