ന്യൂഡല്‍ഹി: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട മുഴുവന്‍ തൊഴിലാളികളെയും രക്ഷിച്ചു. 17 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് രാജ്യത്തെ ഏറെ മുള്‍മുനയില്‍ നിര്‍ത്തിയ ആശങ്കയ്‌ക്ക് ഇതോടെ അറുതിയായി. തൊഴിലാളികളെ തുരങ്കത്തിന് പുറത്തെത്തിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ചു. എന്നാല്‍ ഏറ്റവും അവസാനമായി പരീക്ഷിക്കപ്പെട്ടത് രാജ്യത്ത് നിരോധിക്കപ്പെട്ട റാറ്റ് ഹോള്‍ മൈനിങ് രീതിയിയാണെന്നതും ഏറെ ശ്രദ്ധേയം.
റാറ്റ്-ഹോൾ ഖനിത്തൊഴിലാളികളുടെ കഴിവും അനുഭവ സമ്പത്തുമാണ് രക്ഷാദൗത്യത്തിന് ഏറെ അനുകൂലമായത്. റാറ്റ് ഹോള്‍ ഖനി തൊഴിലാളികളുടെ 12 പേരടങ്ങുന്ന സംഘമാണ് ഉത്തരകാശിയില്‍ രക്ഷാദൗത്യത്തിന് എത്തിയത്. ഡല്‍ഹി അടക്കം രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നാണ് സംഘം എത്തിയത്.
റാറ്റ് ഹോള്‍ ഖനിത്തൊഴിലാളികളുടെ കഴിവ് അപാരം: 24 മണിക്കൂറിനുള്ളിൽ 10 മീറ്റർ കുഴിച്ച് ഖനനം നടത്തിയ റാറ്റ് ഹോള്‍ ഖനിത്തൊഴിലാളികള്‍ അദ്ഭുതകരമായ ജോലിയാണ് ചെയ്തതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗം ലഫ്റ്റനന്‍റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു. റാറ്റ് ഹോള്‍ മൈനിങ് നിയമ വിരുദ്ധമായിരിക്കാം എന്നാല്‍ ഇത്തരം ഖനനം ചെയ്യുന്നവരുടെ കഴിവാണ് രക്ഷാപ്രവര്‍ത്തനത്തിന് കൂട്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു പ്രത്യേക സാഹചര്യമാണ്, ജീവൻ രക്ഷിക്കുന്ന സാഹചര്യമാണ്. അവർ ഞങ്ങളെ സഹായിക്കുന്ന സാങ്കേതിക വിദഗ്‌ധരാണെന്നും സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു.
റാറ്റ് ഹോള്‍ മൈനിങ്ങും നിരോധനവും: ഉത്തരകാശിയില്‍ അതിവേഗം രക്ഷാദൗത്യം പൂര്‍ത്തിയാക്കാനായത് റാറ്റ് ഹോള്‍ മൈനിങ്ങിലൂടെയാണ്. ഇതൊരു നിരോധിത ഖനന രീതിയാണെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ ഇത് പ്രയോഗിക്കേണ്ടി വന്നുവെന്നാതാണ് ഏറെ ശ്രദ്ധേയം. വളരെ ചെറിയ വ്യാസത്തിലും ഉയരത്തിലും കുഴിച്ച് അതിലൂടെ അകത്ത് കടന്ന് കല്‍ക്കരി ശേഖരിക്കുന്ന ഖനന രീതിയാണ് 'റാറ്റ് ഹോള്‍ മൈനിങ്'. ചെറിയ ദ്വാരത്തിലൂടെ ആഴത്തിലേക്ക് ഇറങ്ങുന്ന രീതിയായത് കൊണ്ട് തന്നെയാണ് ഇത്തരമൊരു പേര് ലഭിക്കാനും കാരണം.
ഇത് തീര്‍ത്തും അപകടം പിടിച്ച ജോലിയായതുകൊണ്ടും ഇത്തരം ജോലിയെ തുടര്‍ന്ന് അപകടങ്ങള്‍ പതിവായത് കൊണ്ടുമാണ് രാജ്യം നിരോധനം ഏര്‍പ്പെടുത്തിയത്. തീര്‍ത്തും അപകടകരമായ ഈ ജോലിയ്‌ക്ക് നേരത്തെ നിരവധി കുട്ടികളും എത്തിയിരുന്നു. പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞും നിരവധി കുട്ടികളെത്തിയിരുന്നു. 2014ലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 2018 അനധികൃതമായി ഇത്തരം ഖനനം തുടരുന്നത് കണ്ടെത്തിയിരുന്നു.
2018ലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേര്‍ ഖനികളില്‍ അകപ്പെട്ടിരുന്നു. ഇതില്‍ രണ്ട് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നുവെങ്കിലും ഖനിയ്‌ക്കുള്ളില്‍ അകപ്പെട്ടവരെ കണ്ടെത്താനാകാതെ പിന്നീട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇത്തരം അപകടങ്ങളെല്ലാം അധികരിച്ചതോടെയാണ് റാറ്റ് ഹോള്‍ മൈനിങ്ങിന് രാജ്യത്ത് അനുമതി നിഷേധിക്കപ്പെട്ടത്.
also read: രക്ഷാ ദൗത്യത്തിന് ചരിത്ര വിജയം; തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു