ന്യൂഡൽഹി: രജ്‌പുത് നേതാവ് സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിലായി (Sukhdev Singh Gogamedi murder case arrest). ഗോഗമേദി വധത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജയ്‌പൂർ സ്വദേശി രോഹിത് രതോർ, ഹരിയാനയിലെ മഹേന്ദ്രഗഢിലെ നിതിൻ ഫൗജി എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് രാജസ്ഥാനിലെ വലതുപക്ഷ സംഘടനയായ രാഷ്ട്രീയ രജ്‌പുത് കർണി സേനയുടെ തലവൻ സുഖ്‌ദേവ് സിംഗ് ഗോഗമേദി ജയ്‌പൂരിലെ ശ്യാം നഗറിലെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്(Sukhdev Singh Gogamedi murder case). സംഭവം നടന്ന ഉടൻ തന്നെ ഗോഗമേദിയെ മെട്രോ മാസ്‌ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജസ്ഥാൻ പോലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് പേരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചണ്ഡീഗഢിൽ നിന്ന് അറസ്റ്റ് ചെയ്‌തതെന്നാണ് ഡൽഹി പൊലീസ് നല്‍കുന്ന വിവരം. വീട്ടിലെ സ്വീകരണമുറിയിൽ വെച്ചാണ് ഗോഗമേദിക്ക് വെടിയേറ്റത്.
സംഭവത്തിൽ അക്രമികൾ വെടിയുതിർക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചണ്ഡീഗഢിലെ സെക്‌ടർ 22ൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ ഉധം സിങും പിടിയിലായിട്ടുണ്ട്.
കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ ജയ്‌പൂർ പോലീസിന് കൈമാറുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതികളെ പിടികൂടാൻ രാജസ്ഥാൻ പൊലീസ് 11 അംഗങ്ങലുള്ള എസ്ഐടി രൂപീകരിച്ചിരുന്നു. ഗോഗമേദിയെ കൊല്ലാൻ കൊലയാളി സംഘത്തിന് കരാർ നൽകിയെന്നാരോപിച്ച് ശനിയാഴ്‌ച ജയ്‌പൂരിൽ ഒരാളെ അറസ്റ്റ് ചെയ്‌തിരുന്നു.
ഗോഗമേദി വധക്കേസിലെ ഗൂഢാലോചനക്കാരിൽ ഒരാളായ രാംവീർ ജാട്ട് കൊലപാതകത്തിന് മുന്നോടിയായി സുഹൃത്തായ നിതിൻ ഫൗജിയ്‌ക്ക് ജയ്‌പൂരിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച നടന്ന വെടിവെയ്‌പ്പിൽ ഗോഗമേദിയുടെ സുരക്ഷാ ജീവനക്കാരന്‍ അടക്കം രണ്ട് പേര്‍ക്ക് പരിക്ക് ഏറ്റിരുന്നു.
Also read: രജ്‌പുത് കര്‍ണിസേന തലവന് ദാരുണ അന്ത്യം; സുഖദേവ് സിങ്ങിനെ അഞ്ജാത സംഘം വെടിവച്ച് കൊന്നു