ഹൈദരാബാദ് : ജൂബിലി ഹിൽസ് കൂട്ടബലാത്സംഗക്കേസിലെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്‌ചയും തുടര്‍ന്നു. ചോദ്യം ചെയ്‌ത മൂന്ന് പേരില്‍ ഒരാള്‍ ഒന്നും പറയാതിരുന്നപ്പോള്‍, രണ്ട് പേര്‍ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി.
ഇംഗ്ലീഷ് സിനിമകളും സീരീസുകളുമാണ് ബലാത്സംഗത്തിന് പ്രചോദനമായതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. അംനേഷ്യ പബ്ബില്‍ വച്ച്, ഇരയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നു. ഇതേ തുടര്‍ന്ന് പബ്ബിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ചാണ് കാറില്‍ കയറ്റിയതെന്നും പ്രതികള്‍ വ്യക്തമാക്കി.
മെയ് 28നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കേസില്‍ അഞ്ച് പ്രായപൂർത്തിയാകാത്തവരടക്കം ആറ് പ്രതികളാണ് പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ അനുമതിയോടെയാണ് പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത്.
അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസിന് അനുവദിച്ചിട്ടുള്ളത്. ഇവരില്‍ മൂന്ന് പേരുടെ കസ്റ്റഡി വെള്ളിയാഴ്ച ആരംഭിച്ചപ്പോൾ ബാക്കി രണ്ട് പേരുടെ കസ്റ്റഡി ശനിയാഴ്ചയാണ് തുടങ്ങിയത്. അതേസമയം ഞായറാഴ്‌ച പ്രതികളെ ഉപയോഗിച്ച് പ്രതീകാത്മകമായി അതിക്രമ രംഗങ്ങള്‍ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചിരുന്നു. ജൂബിലി ഹിൽസിലെയും ബഞ്ചാര ഹിൽസിലെയും വിവിധ സ്ഥലങ്ങളിലാണ് പൊലീസ് പ്രതികളെ എത്തിച്ചത്.
നാല് ദിവസത്തെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചതോടെ കേസില്‍ പ്രായപൂര്‍ത്തിയായ ഏക പ്രതിയായ സദുദ്ദീൻ മാലിക്കിനെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ചഞ്ചൽഗുഡ സെൻട്രൽ ജയിലിലേക്ക് അയച്ചു.