ഹൈദരാബാദ്: കൊവിഡ് മഹാമാരിയിലെ ലോക്‌ഡൗണ്‍ (Covid Lockdown) സമസ്‌ത മേഖലകളെയും സ്‌തംഭിപ്പിച്ച സമയം. ദിവസം മുഴുവനില്ലെങ്കിലും ഒരു തവണയെങ്കിലും ഭക്ഷണം കിട്ടിയിരുന്നെങ്കിലെന്ന് കുടിയേറ്റത്തൊഴിലാളികള്‍ അടക്കമുള്ള സാധാരണക്കാര്‍ ആഗ്രഹിച്ച ഘട്ടം. ഈ നേരം, ഹൈദരാബാദില്‍ വയറെരിഞ്ഞ ആയിരങ്ങള്‍ക്ക് അന്നദാതാവായി ഒരാളുണ്ടായിരുന്നു. പേര് രാമു ദോസപതി (Ramu Dosapati). സേവനം വിപുലീകരിച്ച് റൈസ് എ.ടി.എമ്മെന്ന (Rice Atm) പേരില്‍ പ്രവര്‍ത്തനം ഭംഗിയോടെ തുടരുകയാണ് അദ്ദേഹം.
ഹൈദരാബാദിലെ ഒരു ഐ.ടി കമ്പനിയിൽ എച്ച്.ആർ ഉദ്യോഗസ്ഥനായ 42 കാരനാണ് രാമു. 2020 ലെ ലോക്ക്ഡൗണിനിടെ വന്നെത്തിയ, മകന്‍റെ പിറന്നാള്‍ ദിനമാണ് അദ്ദേഹത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചത്. പ്രതികൂലമായ മഹാമാരി സാഹചര്യത്തിലും കുഞ്ഞിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ ആ അച്ഛന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഉച്ചഭക്ഷണത്തിനൊപ്പം ചിക്കന്‍കറി വെക്കാന്‍ പദ്ധതിയിട്ട് അദ്ദേഹം കടയിലെത്തി.
ജീവിതം മാറ്റിമറിച്ച സംഭവം
സമയം ഏറെയെടുത്തിട്ടും കോഴി കിട്ടാന്‍ വൈകിയതോടെ അയാള്‍ കടക്കാരനോട് പരാതി പറഞ്ഞു. മറുപടിയായി കടക്കാരന്‍ ക്ഷമാപൂര്‍വം പറഞ്ഞു. ''2000 രൂപയുടെ ഓര്‍ഡര്‍ ഉണ്ട് കാത്തിരിക്കണം, കൂടുതല്‍ വൈകാതെ നിങ്ങള്‍ക്കുള്ളത് തരാം''. ആഹ്‌ളാദവും ആഘോഷവും കെട്ടുപോയ സമയത്ത് വലിയ തുകയ്‌ക്ക് ചിക്കന്‍ വാങ്ങുന്നതിന് പിന്നിലെന്തെന്ന സംശയം രാമുവിലുണ്ടായി. ഒരു സ്‌ത്രീയാണ് ഈ ഓര്‍ഡല്‍ നല്‍കിയതെന്ന് മനസിലാക്കിയ അദ്ദേഹം കൗതുകത്തോടെ കാര്യം തിരക്കി.
വിശന്നുവലയുന്ന, പോഷകാഹാരം ലഭിക്കാത്ത കുറേയധികം കുടിയേറ്റത്തൊഴികള്‍ അയല്‍പക്കത്തുണ്ട്. അവര്‍ക്ക് ഭക്ഷണംവച്ചുനല്‍കാനാണെന്ന് അവര്‍ പറഞ്ഞു. കുശലാനേഷ്വണത്തിനിടെ സ്‌ത്രീയുടെ ശമ്പളത്തെക്കുറിച്ചും രാമു ചോദിയ്‌ക്കുകയുണ്ടായി. മാസം 6000 എന്നായിരുന്നു മറുപടി. ഇതുകേട്ട അദ്ദേഹത്തിന് വലിയ അമ്പരപ്പാണുണ്ടായത്. ആ സ്‌ത്രീയേക്കാള്‍ വന്‍ തുക ശമ്പളമായി ലഭിക്കുന്ന തന്നെക്കൊണ്ട് ഇത് പറ്റുന്നില്ലല്ലോയെന്ന ചിന്ത അയാളെ വിടാതെ അലട്ടി. അവസാനം ആ സ്‌ത്രീയുടെ കൂടെചേര്‍ന്ന് ഈ പ്രവര്‍ത്തത്തിലേക്ക് ഇറങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു.
ലോക്ക്‌ഡൗണിന് ശേഷമുള്ള ആ തീരുമാനം
ധാരാളം പേര്‍ക്ക് സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് അദ്ദേഹം അന്നമെത്തിച്ചു. കുടിയേറ്റത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ട്രെയിനുകൾ അനുവദിച്ചാല്‍ ഒരു മാസത്തിനുള്ളിൽ ദൗത്യം അവസാനിപ്പിക്കാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ട്രെയിന്‍ ലഭ്യമായയതോടെ കുറേ പേര്‍ നാട്ടിലേക്ക് തിരിച്ചെങ്കിലും മറിച്ചാണ് സംഭവിച്ചത്. രാമുവിന്‍റെ പ്രവര്‍ത്തനം അറിഞ്ഞ് കൂടുതല്‍ ആളുകളെത്തിത്തുടങ്ങി. അവരെ വെറും കൈയ്യോടെ മടക്കാന്‍ അദ്ദേഹത്തിന് മനസുവന്നില്ല.
ലോക്ക്ഡൗൺ അവസാനിച്ചപ്പോഴും സാധാരണക്കാരായ കുറേയധികം മനുഷ്യരുടെ വിശപ്പെന്ന ദുഃഖത്തിന് അറുതിയുണ്ടായില്ല. ഇതോടെ, വിശക്കുന്നവന് അത്താണിയായി താന്‍ തുടരേണ്ടതുണ്ടെന്ന ചിന്ത ഉടലെടുത്തു. ദൗത്യം പൂര്‍വ്വാധികം ശക്തിയോടെ തുടര്‍ന്നു, അതും സ്വന്തം കീശയില്‍ നിന്നും പണമെടുത്തുതന്നെ. അന്നത്തിന്‍റെ മുട്ടില്ലാതെ ദിവസം തള്ളിനീക്കിയ, കടം വാങ്ങാതെ കഴിഞ്ഞ നിരവധി ആളുകളുണ്ടായിരുന്നു. എന്നാല്‍, കൊവിഡില്‍ തൊഴില്‍ നഷ്‌ടമായതോടെ ഇവരും പ്രതിസന്ധിയിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
റൈസ് എ.ടി.എമ്മിന് പിന്നിലെ കഥ
ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മിഡില്‍ ക്ളാസ് ജനങ്ങളും തന്‍റെ ചുറ്റുപാടുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ഇതോടെ ആളുകളുടെ സ്വകാര്യത മാനിക്കാന്‍ രാമു, റൈസ് എ.ടി.എം സംരഭത്തിന് തുടക്കംകുറിച്ചു. അരി വിതരണമാണ് ഈ സംരംഭം. എന്നാല്‍, മഹാമാരിക്കിടെ ഇരട്ടപ്രഹരമായി ഹൈദരാബാദില്‍ വെള്ളപ്പൊക്കമുണ്ടായി. ഇതോടെ മുന്‍പുണ്ടായിരുന്നതില്‍ അധികം ഫോണ്‍ കോളുകള്‍ വന്നു, അരിയ്‌ക്ക് പുറമെ മറ്റുഭക്ഷ്യ ധാന്യങ്ങള്‍ക്കും മരുന്നുകള്‍ക്കും അഭ്യര്‍ഥനകള്‍ വന്നു. ഇത്തരം സാധനങ്ങള്‍ കൂടി അദ്ദേഹം വീട്ടുകളിലെത്തിക്കുകയുണ്ടായി.
വെള്ളപ്പൊക്കം രൂക്ഷായ ഒരു അർധരാത്രിയിൽ യുവതിയുടെ ഫോണ്‍ കോള്‍ വന്നു. വീട്ടിലേക്ക് വെള്ളം കയറാതിരിക്കാൻ വാതിലുകൾ മുറുകെ പിടിക്കുകയാണെന്നും സഹായം വേണമെന്നുമായിരുന്നു അഭ്യര്‍ഥന. സന്നദ്ധപ്രവർത്തകരോടൊപ്പം ആ വീട്ടിലെത്തി സഹായം ചെയ്‌ത് മടങ്ങി. വീട്ടിലെത്തിയതും അതേ സ്‌ത്രീയില്‍ നിന്ന് ഫോണ്‍ കോള്‍ വരുകയുണ്ടായി. കുഞ്ഞ് പാലിനായി കരയുന്നെന്നും ഒന്നുകൂടെ സഹായിക്കുമോയെന്നും അഭ്യര്‍ഥന.
ചെലവായത് 40 ലക്ഷം; ഉപേക്ഷിച്ചത് ഏറെ നാളത്തെ മോഹം
ഇത് കേട്ട് ദുഃഖിതയായ തന്‍റെ ഭാര്യ കുഞ്ഞിനുള്ള പാല്‍ തിളപ്പിച്ചുതരികയും യുവതിയ്‌ക്കായി ഭക്ഷണം തയ്യാറാക്കുകയും ചെയ്‌തു. ഇത്തരത്തില്‍ തന്‍റെ വീട്ടില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് രാമു ദോസപതി അഭിമാനത്തോടെ പറയുന്നു. നേരം പുലരുമ്പോൾ മുതല്‍ ആരംഭിക്കുന്ന തന്‍റെ സേവനം അദ്ദേഹം ഇപ്പോഴും തുടരുന്നു. സഹായം തേടി വരുന്നവരെ അതിന് അര്‍ഹരാണോയെന്ന് പരിശോധിക്കും. അവർ ജോലി ചെയ്യാൻ യോഗ്യരാണെങ്കിൽ തന്‍റെ ബന്ധംവച്ച് തൊഴില്‍ ശരിപ്പെടുത്തി നല്‍കുന്നുമുണ്ട് രാമു.
അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ മതിയെന്ന് കണക്കാക്കിയാണ് ഈ സേവനത്തിലേക്ക് അദ്ദേഹം ഇറങ്ങിയത്. എന്നാല്‍ അതില്‍ ഒതുങ്ങുന്നതായിരുന്നില്ല ഈ യാത്ര. സമ്പാദ്യമായുണ്ടായിരുന്ന 40 ലക്ഷം രൂപയാണ് ഇതുവരെ സേവനത്തിനായി ചെലവഴിച്ചത്. മൂന്ന് റൂമുള്ള ഫ്ലാറ്റ് വാങ്ങാൻവച്ച പണമായിരുന്നു. വിശക്കുന്നവര്‍ തന്‍റെ ചുറ്റുപാടും കഴിയുമ്പോള്‍ പുതിയ ആഡംബര ഫ്‌ളാറ്റില്‍ കിടന്നുറങ്ങാന്‍ അദ്ദേത്തിന് മനസുവന്നില്ല. അനേകായിരങ്ങളുടെ വിശപ്പകറ്റുന്ന തന്‍റെ ജീവിതയാത്ര ആവേശപൂര്‍വം ഹൈദരാബാദിലെ എല്‍.ബി നഗറില്‍ തുടരുകയാണ് ഈ മനുഷ്യസ്‌നേഹി. കരുത്തായി ഭാര്യയും രണ്ട് ആണ്‍കുട്ടികളും കൂട്ടിനുണ്ട്.
ALSO READ: Udham Singh: ഉധം സിങ്, ബ്രിട്ടീഷുകാരോട് പകരം ചോദിക്കാൻ 20 വര്‍ഷം കാത്ത പോരാളി