ഹൈദരാബാദ്: ജി യുരി റെഡ്ഡി എന്നയാള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളി റാമോജി ഗ്രൂപ്പ് (Ramoji Group). റാമോജി ഗ്രൂപ്പിന് കീഴിലുള്ള മാര്‍ഗദര്‍ശി ചിട്ട് ഫണ്ടിലെ (Margadarsi Chit Fund) തന്‍റെ കുടുംബപരമായുള്ള ഓഹരികള്‍ റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ റാമോജി റാവു, ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും മാറ്റിച്ചുവെന്നതായിരുന്നു ജി യുരി റെഡ്ഡിയുടെ ആരോപണം (G Yuri Reddi against Ramoji Group). എന്നാല്‍ കെട്ടിച്ചമച്ച മറ്റൊരു കഥ കൂടിയെന്നായിരുന്നു ഇതിനോടുള്ള റാമോജി ഗ്രൂപ്പിന്‍റെ പ്രതികരണം.
ഹൈദരാബാദില്‍ താമസിക്കുന്ന ഒരാള്‍ കമ്പനി രജിസ്‌ട്രാറിനോ, ഹൈദരാബാദ് അല്ലെങ്കില്‍ തെലങ്കാന പൊലീസിനോ പരാതി നല്‍കാതെ ആന്ധ്രാപ്രദേശ് സിഐഡിയെ സമീപിച്ചത് എന്തിനാണ്. ആന്ധ്ര സിഐഡി മികച്ചൊരു കഥ കൂടി നിര്‍മിച്ചുവെന്നും അതിന് ജി യുരി റെഡ്ഡിയെ ചട്ടുകമാക്കിയെന്നും റാമോജി ഗ്രൂപ്പ് പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.
പ്രസ്‌താവനയിലെ കുറ്റപ്പെടുത്തല്‍ ഇങ്ങനെ: ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് താന്‍ താമസിക്കുന്നതെന്നാണ് നിലവില്‍ ഹൈദരാബാദ് താമസിക്കുന്ന പരാതിക്കാരന്‍ അവകാശപ്പെടുന്നത്. മാർഗദർശി ചിട്ടി ഫണ്ടിനെയും അതിന്റെ ചെയർമാനായ റാമോജി റാവുവിനെയും മാനേജിങ് ഡയറക്‌ടർ ചെറുകുരി ശൈലജയെയും അപകീർത്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ പുതിയ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിനായി പരാതി നിര്‍മിക്കാനുള്ള ആന്ധ്രാപ്രദേശ് സർക്കാർ ദുരുദ്ദേശത്തില്‍ അദ്ദേഹം അകപ്പെട്ടിരിക്കുകയാണ്.
Also Read: Margadarsi New Branch Opens മാർഗദർശിയുടെ 110-ാം ശാഖ കർണാടകയിലെ ഹാവേരിയില്‍
ദുരുദ്യേശത്തോടെയുള്ള പരാതിക്കാരന്‍ എപി സിഐഡിയുമായി കൂട്ടുകൂടി കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും താറടിച്ചു കാണിക്കുന്നതിനും ശ്രമം നടത്തിയെന്നും റാമോജി ഗ്രൂപ്പ് പ്രസ്‌താവനില്‍ അറിയിച്ചു. പരാതി മുഴുവന്‍ നുണക്കഥകളും സാങ്കല്‍പിക ആരോപണങ്ങളും കൊണ്ട് നിറഞ്ഞതും കേസിന്‍റെ വസ്‌തുതകളുമായി തീര്‍ത്തും വിരുദ്ധവുമാണ്.
പരാതിയും എഫ്‌ഐആറും പൊരുത്തപ്പെടുന്നില്ല: പരാതിക്കാരന്‍റെ 2017 ലുള്ള യഥാര്‍ത്ഥ പരാതിയും ഇതില്‍ ഈ വര്‍ഷം ഒക്‌ടോബര്‍ 10 ന് രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറും തമ്മില്‍ ഒരുപാട് പൊരുത്തക്കേടുകളുണ്ടെന്നും റാമോജി ഗ്രൂപ്പ് കുറ്റപ്പെടുത്തി. മാര്‍ഗദര്‍ശി ചിട്ട് ഫണ്ടിലെ മുന്‍ നിക്ഷേപകനായ ഗാദിറെഡ്ഡി ജഗന്നാഥ റെഡ്ഡിയുടെ മകൻ യുരി റെഡ്ഡിയുടെ പരാതിയിലാണ് നിലവില്‍ എപി സിഐഡി റാമോജി ഗ്രൂപ്പിന്‍റെ തലവന്മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
അതേസമയം മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട് ഓഫിസുകളില്‍ പരിശോധന നടത്തുന്നത് അടുത്തിടെ ആന്ധ്രാപ്രദേശ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇടക്കാല ഉത്തരവിലൂടെയായിരുന്നു കോടതി പരിശോധന തടഞ്ഞത്. പരിശോധനകള്‍ നടക്കുന്നുവെങ്കില്‍ ചട്ടം 46 എ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മാത്രമല്ല കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
മറ്റൊരു കേസില്‍ മാര്‍ഗദര്‍ശി കേസിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് തെലങ്കാന ഹൈക്കോടതി (Telangana High Court) ആന്ധ്രാപ്രദേശ് സിഐഡിയോട് (CID) വാക്കാൽ നിർദേശം നൽകിയിരുന്നു. കൂടാതെ മാർഗദർശി കേസിൽ വാർത്താസമ്മേളനം നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും സിഐഡിയോട് കോടതി ആരാഞ്ഞിരുന്നു.