ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തോട് അനുബന്ധിച്ച് തപാല്‍ വകുപ്പ് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ജനശ്രദ്ധ നേടി 72 കാരന്‍റെ സ്റ്റാമ്പ് ശേഖരണം. രാമായണവുമായി ബന്ധപ്പെടുത്തി വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ശേഖരണമാണ് പ്രദര്‍ശനത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. ഇന്‍ഡോര്‍ നിവാസിയായ ഓം പ്രകാശ് കേഡിയയാണ് രാമായണവുമായി ബന്ധപ്പെട്ടുള്ള സ്റ്റാമ്പുകള്‍ ശേഖരിച്ചത്.
കഴിഞ്ഞ 60 വര്‍ഷമായി കേഡിയ ശേഖരിച്ച സ്റ്റാമ്പുകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യ പുറത്തിറക്കിയ സ്റ്റാമ്പുകള്‍ക്ക് പുറമെ ഇന്തോനേഷ്യ, നേപ്പാള്‍, ലാവോസ്, മ്യാന്‍മാര്‍, തായ്‌ലന്‍ഡ്, കംബോഡിയ എന്നിവിടങ്ങളില്‍ പുറത്തിറക്കിയ സ്റ്റാമ്പുകളും കേഡിയയുടെ ശേഖരണങ്ങളുടെ കൂട്ടത്തിലുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ രാമായണ കഥ വളരെ പ്രസിദ്ധമാണ്. വ്യത്യസ്‌ത തരത്തിലാണ് രാമായണ കഥകള്‍ വിവിധയിടങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്. രാമന്‍, സീത, ലക്ഷ്‌മണന്‍, ഭരതന്‍, ഹനുമാന്‍, ജടായു തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ഈ രാജ്യങ്ങള്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും കേഡിയ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണക്കാലത്ത് രാമായണ രംഗങ്ങള്‍ പോസ്റ്റ് കാര്‍ഡുകളില്‍ അച്ചടിച്ചിരുന്നു. അത്തരത്തിലുള്ള അപൂര്‍വ്വ പോസ്റ്റ്കാര്‍ഡുകളും തന്‍റെ ശേഖരത്തിലുണ്ടെന്നും കേഡിയ പറഞ്ഞു. മാത്രമല്ല 2018 ആസിയാൻ-ഇന്ത്യ സൗഹൃദ സിൽവർ ജൂബിലി ഉച്ചകോടിയുടെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പുകളും കേഡിയയുടെ ശേഖരത്തിലുണ്ട്. ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയ തപാല്‍ വകുപ്പിന്‍റെ മേള ഏറെ ജനശ്രദ്ധ നേടുന്നുണ്ട്. ജനുവരി 22ന് പ്രതിഷ്‌ഠ ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ മേള തുടരുമെന്ന് ഇന്‍ഡോര്‍ റേഞ്ചിലെ പോസ്റ്റ്‌മാസ്റ്റര്‍ ജനറല്‍ പ്രീതി അഗര്‍വാള്‍ പറഞ്ഞു.
മധ്യപ്രദേശില്‍ 22ന് ഡ്രൈ ഡേ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് ജനുവരി 22ന് സംസ്ഥാനത്ത് ഡ്രൈ ഡേയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജനുവരി 22ന് അയോധ്യയില്‍ മഹത്തായ പരിപാടിയാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ട് അന്ന് സംസ്ഥാനമൊട്ടാകെ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് എക്‌സില്‍ കുറിച്ചു. പൊതുജന വികാരം കണക്കിലെടുത്താണ് തീരുമാനം.
മദ്യത്തിനൊപ്പം ഭാംഗ് ഔട്ട്‌ലെറ്റുകള്‍ക്കും അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 22ന് നമുക്കെല്ലാവര്‍ക്കും വളരെ ഭാഗ്യകരമായ ദിവസമാണെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.