തെലുഗു ബ്ലോക്ക്ബസ്‌റ്റർ ചിത്രം 'ഐ സ്‌മാർട്ട് ശങ്കർ' Double I Smart തിയേറ്ററുകളിൽ എത്തിയിട്ട് നാല് വര്‍ഷം തികയുമ്പോൾ സിനിമയ്‌ക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രണ്ടാം ഭാഗത്തിനായി റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും Puri Jagannadh വീണ്ടും ഒന്നിക്കുകയാണ്. പുരി കണക്‌ട്‌സിന്‍റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് സിനിമയുടെ നിർമാണം.
ഐ സ്‌മാർട്ട് ശങ്കറിനേക്കാൾ രണ്ടിരട്ടി മാസും രണ്ടിരട്ടി എന്‍റര്‍ടെയിന്‍മെന്‍റോട് കൂടിയുമാകും രണ്ടാം ഭാഗം എത്തുക. റാമിന്‍റെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ടൈറ്റിലും റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചടങ്ങില്‍ ഏതാനും വിശിഷ്‌ടാതിഥികളും അണിയറപ്രവർത്തകരും പങ്കെടുത്തു.
സിനിമയ്‌ക്ക് ആദ്യ ക്ലാപ്പ് അടിച്ചത് ചാർമി ആണ്. റാം പൊതിനേനിയുടെ ഷോട്ടോടുകൂടി പുരി ജഗന്നാഥ് സിനിമയുടെ സംവിധാനത്തിന് തുടക്കം കുറിച്ചു. 'ഐ സ്‌മാർട്ട് ശങ്കർ' അഥവാ 'ഡബിൾ ഐ സ്‌മാർട്ട്' എന്ന സംഭാഷണത്തോടുകൂടി ഷോട്ട് ചിത്രീകരിച്ചു.
ജൂലൈ 12നാണ് ഔദ്യോഗിക ചിത്രീകരണം ആരംഭിക്കുക. റാം പൊതിനേനിയുടെയും പുരി ജഗന്നാഥിന്‍റെയും സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച വിജയമായിരുന്നു 'ഐ സ്‌മാർട്ട് ശങ്കർ'. രണ്ടാം ഭാഗം വരുമ്പോൾ വാനോളമാണ് സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ. പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗു, കന്നട, മലയാളം, ഹിന്ദി ഭാഷകളിൽ പ്രദര്‍ശനത്തിനെത്തും. 2024 മാർച്ച് 8ന് മഹാ ശിവരാത്രി ദിനത്തിലാണ് റിലീസ്.
വിജയ് ദേവരകൊണ്ടയെ Vijay Devarakonda നായകനാക്കി ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം 'ലൈഗര്‍' ആയിരുന്നു പുരി ജഗനാഥ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം. പ്രഖ്യാപനം മുതല്‍ വന്‍ ഹൈപ്പുകളോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പോലെ കലക്ഷന്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല.
ആദ്യ ദിനത്തില്‍ റെക്കോഡ് വരുമാനം സിനിമയ്‌ക്ക് നേടാനായെങ്കില്‍ രണ്ടാം ദിനമായപ്പോള്‍ ചിത്രത്തിന്‍റെ വരുമാനം ഇടിഞ്ഞ് തുടങ്ങിയിരുന്നു. ഒരാഴ്‌ച പിന്നിട്ടപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ സിനിമയുടെ ഒട്ടേറെ ഷോകള്‍ റദ്ദാക്കിയിരുന്നു.
'ലൈഗറി'ന്‍റെ വന്‍ പരാജയത്തെ തുടര്‍ന്ന് സംവിധായകന്‍ പുരി ജഗന്നാഥ് പ്രതിസന്ധിയിലും ആയിരുന്നു. ചിത്രത്തിന്‍റെ വിതരണക്കാരും എക്‌സിബിറ്റേഴ്‌സും തങ്ങള്‍ക്ക് സാമ്പത്തിക നഷ്‌ടം സംഭവിച്ചുവെന്നും മുടക്കിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് പുരി ജഗന്നാഥ് ജൂബിലി ഹില്‍സ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുരി ജഗന്നാഥിന്‍റെ വസതിയില്‍ പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
Also Read: ലൈഗര്‍ സിനിമയുടെ പരാജയം; സംവിധായകന് ഭീഷണി, സുരക്ഷയൊരുക്കി പൊലീസ്
2000ല്‍ ബദ്രി എന്ന തെലുഗു സിനിമ സംവിധാനം ചെയ്‌തുകൊണ്ടാണ് പുരി ജഗന്നാഥ് സംവിധായക കുപ്പായം അണിയുന്നത്. അതേവര്‍ഷം തന്നെ ബച്ചി എന്ന തെലുഗു ചിത്രവും അദ്ദേഹം ഒരുക്കി. ഏതാനും കന്നട ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. യുവരാജ (2001) അപ്പു (2002), വീര കന്നഡിഗ (2004) എന്നിവയാണ് അദ്ദേഹം ഒരുക്കിയ കന്നട ചിത്രങ്ങള്‍.