ഹൈദരാബാദ് : ചലച്ചിത്ര രംഗത്ത് രാം ചരണ്‍ (Ram Charan) രംഗപ്രവേശം ചെയ്‌തിട്ട് ഈ മാസം 16 വര്‍ഷം പൂര്‍ത്തിയാകുന്നു. രാം ചരണിന്‍റെ ഭാര്യ ഉപാസന കാമിനേനിയാണ് (Upasana Kamineni) സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവച്ചത്. ഇതിനായി രാം ചരണ്‍ വേഷമിട്ട കഥാപാത്രങ്ങള്‍ എല്ലാം സംയോജിപ്പിച്ചുകൊണ്ട് കൊളാഷ് ഒരുക്കിയാണ് ഉപാസന സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റിട്ടത് (Ram Charan Marks 16 Years In Films).
'മധുര പതിനാറ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് ഉപാസന ഇന്‍സ്‌റ്റഗ്രാമില്‍ കൊളാഷ് പങ്കുവച്ചത്. രാം ചരണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന്‍റെ 16ാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്‌റ്റംബര്‍ 27ന് 'രംഗസ്ഥലം' (Rangasthalam) എന്ന ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ റിലീസ് ചെയ്‌തിരുന്നു. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, രാജമുണ്ട്രി, നെല്ലൂർ, അനന്തപൂർ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രം റിലീസ് ചെയ്‌തത്.
ഇതിനായി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഒരു പ്രത്യേക പോസ്‌റ്ററും ഒരുക്കിയിരുന്നു. 'രംഗസ്ഥലം' എന്ന ചിത്രത്തിന്‍റെ റിലീസിനെ ആരാധകര്‍ ആവേശത്തോടെയാണ് നോക്കി കാണുന്നത്. നിരവധി പേരാണ് ഇന്‍സ്‌റ്റഗ്രാമില്‍ രാം ചരണിന് ആശംസകളുമായി എത്തുന്നത്.
'രാം ചരണ്‍ സിനിമയില്‍ പ്രവേശിച്ചതിന്‍റെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ആഘോഷം കൂടുതല്‍ ബ്രഹ്മാണ്ഡമാവുകയാണെന്ന്' ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തു. 'മറ്റൊരു മാസ് ബ്ലാസ്‌റ്റ് ചിത്രം ഒരിക്കല്‍ കൂടി റിലീസ് ആയിരിക്കുകയാണെന്ന്' - മറ്റൊരു ആരാധകനും കുറിച്ചു.
2018ലായിരുന്നു 'രംഗസ്ഥലം' എന്ന ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. സുകുമാര്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം. തെലുഗു സിനിമ മേഖലയിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം എന്ന ബഹുമതി കൂടി ഇതിനുണ്ട്.
ഏകദേശം 216 കോടിയായിരുന്നു ബോക്‌സ് ഓഫിസില്‍ ചിത്രം നേടിയത്. 60 കോടി രൂപ മുതല്‍ മുടക്കിലായിരുന്നു ചിത്രം നിര്‍മിച്ചത്. ചിത്രത്തിന് മികച്ച ഓഡിയോഗ്രഫിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഈ നൂറ്റാണ്ടിലെ മികച്ച 25 തെലുഗു ചിത്രങ്ങളുടെ പട്ടികയിലും 'രംഗസ്ഥലം' ഇടംപിടിച്ചിട്ടുണ്ട്. സാമന്തയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദി പിനിസെട്ടി, പ്രകാശ് രാജ്, അനസൂയ ഭരദ്വാജ്, ജഗപതി ബാബു തുടങ്ങി നീണ്ട താര നിര ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ജവാന്‍ 22-ാം ദിന കലക്ഷന്‍ സാധ്യതകള്‍ പുറത്ത് : അതേസമയം, ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ റിലീസ് 'ജവാന്‍' (Shah Rukh Khan latest release Jawan) തുടക്കം മുതല്‍ ബോക്‌സോഫിസില്‍ മികച്ച വരുമാനം നേടിയിരുന്നു. പ്രദര്‍ശന ദിനം മുതല്‍ ബോക്‌സോഫിസ് കലക്ഷനില്‍ കുതിച്ചുയര്‍ന്ന 'ജവാന്‍' (Jawan) മൂന്നാം ആഴ്‌ചയിലും മികച്ച രീതിയില്‍ മുന്നേറുകയാണ്. എന്നാല്‍ ചിത്രം അതിന്‍റെ 22-ാം ദിനത്തില്‍ കലക്ഷനില്‍ നേരിയ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
കിംഗ് ഖാന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ്, ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയെന്ന് മാത്രമല്ല, അത് ബോക്‌സോഫിസില്‍ വന്‍ വിജയമായി മാറുകയും ചെയ്‌തിരുന്നു. സെപ്‌റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ 75 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. ആദ്യ വാരം 389.88 കോടി രൂപയും ചിത്രം നേടി. രണ്ടാം വാരം മാത്രം 136.1 കോടി രൂപയാണ് ചിത്രം നേടിയത്.