കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ ജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കറ്റ്. കഴിഞ്ഞ ദിവസം കിസാൻ മോർച്ച കാർഷിക ബില്ലുകൾക്കെതിരെ നന്ദിഗ്രാമിൽ ഒരു മഹാ പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. 'ഞങ്ങൾ നന്ദി ഗ്രാമിലേക്ക് പോയി ജനങ്ങളോട് പറയും സർക്കാർ കുറഞ്ഞ താങ്ങുവിലക്ക് കാർഷിക വിളകൾ സംഭരിക്കില്ലെന്ന്. ബിജെപി രാജ്യത്തെ കൊള്ളയടിക്കുമെന്നും അതിനാൽ അവർക്ക് വോട്ട് നൽകരുതെന്നും പറയും'. രാകേഷ് ടിക്കൈറ്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ബംഗാളിൽ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെ ബിജെപി നിർത്തുന്നത് സുവേന്ദു അധികാരിയെ ആണ്. മമത ബാനർജിയുടെ സഹപ്രവർത്തകനും മുൻ തൃണമൂൽ മുൻ മന്ത്രിയുമായിരുന്നു സുവേന്ദു അധികാരി. മമതയെ 5000 വോട്ടുകൾക്ക് പരാജയപ്പെടുത്തുമെന്ന് നേരത്തെ സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. എട്ടു ഘട്ടങ്ങളിലായി മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ്.