ന്യൂഡല്‍ഹി: ഗുസ്‌തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെ അറസ്‌റ്റ് ചെയ്യാൻ കേന്ദ്ര സർക്കാരിന് ഏഴ് ദിവസത്തെ സമയം അനുവദിച്ച് കര്‍ഷക സംഘടനകള്‍. ഹരിയാനയില്‍ ചേര്‍ന്ന ഖാപ് യോഗത്തിലാണ് തീരുമാനം. താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യേണ്ട സമയമായെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. അല്ലാത്തപക്ഷം കര്‍ഷക നേതാക്കള്‍ ജൂണ്‍ ഒന്‍പതിന് ഡല്‍ഹിയിലെ ജന്തര്‍മന്തറിലെത്തി പ്രതിഷേധം കടുപ്പിക്കുമെന്നും ടിക്കായത്ത് പറഞ്ഞു. ബ്രിജ് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം വന്‍ പ്രതിഷേധങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടിക്കായത്ത് പറഞ്ഞു.
ഗുസ്‌തി താരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കര്‍ഷക നേതാക്കള്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംഘം ചര്‍ച്ച നടത്തി. അറസ്റ്റില്‍ കുറഞ്ഞ നടപടികളൊന്നും സ്വീകാര്യമല്ലെന്നും അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ തുടര്‍സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുസ്‌തി താരങ്ങള്‍ക്ക് നീതി ലഭിക്കും വരെയും ഞങ്ങളുടെ പോരാട്ടം തുടരുമെന്ന് ടിക്കായത്ത് പറഞ്ഞു. ഗുസ്‌തി താരങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയുടെ അതിർത്തികൾ ഉപരോധിക്കുമെന്നും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാകേഷ് ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.
'ഗുസ്‌തി താരങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായി ഖാപ് പ്രതിനിധികള്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ നേരില്‍ കണ്ട് വിഷയം ചര്‍ച്ച ചെയ്യുമെന്നും സമാധാനപരമായി സമരം നടത്താന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ജാതിയുടേയും മതത്തിന്‍റേയും പേരിലല്ല ഈ പോരാട്ടമെന്നും ഗുസ്‌തി താരങ്ങള്‍ക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിന് ഒരു ജാതി മാത്രമെയുള്ളൂവെന്നും അത് രാജ്യത്തിന്‍റെ ത്രിവര്‍ണ പതാകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുസ്‌തി താരങ്ങള്‍ നേരിടേണ്ടി വന്ന മോശം സാഹചര്യങ്ങള്‍ രാജ്യത്തിനും ജനാധിപത്യത്തിനും അപമാനമുണ്ടാക്കിയെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
ദിവസങ്ങള്‍ പിന്നിട്ട് താരങ്ങളുടെ സമരം: ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡബ്ല്യുഎഫ്‌ഐ തലവനായ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ഗുസ്‌തി താരങ്ങള്‍ പരാതിയുമായി രംഗത്തെത്തിയത്. ദിവസങ്ങളോളം നീണ്ട് നിന്ന് സമരത്തിന് പിന്നാലെ കേന്ദ്ര കായിക മന്ത്രിയായ അനുരാഗ് താക്കൂറിന്‍റെ ഇടപെടലിനെ തുടര്‍ന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ താരങ്ങള്‍ തയ്യാറായത്.
എന്നാല്‍ കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഏപ്രിലില്‍ വീണ്ടും താരങ്ങള്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. ജന്തര്‍ മന്തറിലെത്തിയ താരങ്ങള്‍ കുത്തിയിരിപ്പ് സമരം ഉള്‍പ്പെടെയുള്ള പരിപാടികളാണ് രണ്ടാംഘട്ട പ്രതിഷേധത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചത്. ഒളിമ്പ്യന്‍ ബജ്‌രങ് പുനിയ, വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക് എന്നീ താരങ്ങളുടെ നേതൃത്വത്തിലാണ് വീണ്ടും സമരവുമായി താരങ്ങളെത്തിയത്. ബ്രിജ് ഭൂഷണെതിരെ വീണ്ടും സമരവുമായി താരങ്ങള്‍ എത്തിയതോടെ വിഷയത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
ഗുസ്‌തി താരങ്ങളുടെ ആവശ്യത്തിനെതിരെ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് സമരം ഓരോ ദിവസവും കടുപ്പിച്ചു. ഇതിന് പിന്നാലെ താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടന രംഗത്തെത്തിയത്.