ന്യൂഡൽഹി : രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ കോൺഗ്രസിൽ അതൃപ്‌തി. പത്ത് രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് രാജ്യസഭ സീറ്റ് നിർണയത്തിൽ നിരവധി പ്രമുഖ നേതാക്കളെ പരിഗണിച്ചില്ല എന്നാരോപിച്ചാണ് പാർട്ടിയിൽ അതൃപ്‌തിയുടെ സ്വരങ്ങൾ ഉയരുന്നത്.
തമിഴ്‌നാട്ടിൽ നിന്നും പി ചിദംബരവും കർണാടകയിൽ നിന്നും ജയ്റാം രമേശും രാജ്യസഭയിലെത്തും. അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖ, ഇമ്രാൻ പ്രതാപ് എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും, ആനന്ദ് ശർമയ്ക്കും സീറ്റില്ല.
രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവർ രാജസ്ഥാനിൽ നിന്ന് സ്ഥാനാർഥികളായി. ഈ മൂന്ന് സ്ഥാനാർഥികളും രാജസ്ഥാനിൽ നിന്നുള്ളവരല്ല. രാജസ്ഥാനിൽ നിന്ന് ആരെയും നാമനിർദേശം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി വിശദീകരിക്കേണ്ടിവരുമെന്നും പുറത്തുനിന്ന് സ്ഥാനാർഥികളെ തിരഞ്ഞെടുത്തത് പുനപരിശോധിക്കണം എന്നും രാജസ്ഥാനിലെ സിരോഹിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സന്യം ലോധ പറഞ്ഞു.
Also read: രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ പത്തിന്
രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു. രാജസ്ഥാൻ സ്വദേശിയായ പവൻ ഖേര കോൺഗ്രസിൽ രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ എതിർപ്പുമായി അദ്ദേഹവും രംഗത്ത് വന്നിരുന്നു. എന്നാൽ പ്രതിഷേധം തിരുത്തി, കോൺഗ്രസ് തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് പവൻ ഖേര പറഞ്ഞു.
നഗ്മക്കും എതിർപ്പ് : രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിള കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയ ഗാന്ധി നേരിട്ട് രാജ്യസഭ സീറ്റ് വാഗ്‌ദാനം ചെയ്‌തിരുന്നെന്ന് നഗ്മ പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ ഇമ്രാൻ പ്രതാപ് ഗഡിയുടെ സീറ്റിലാണ് നഗ്മയുടെ പ്രതിഷേധം. മഹാരാഷ്ട്രയിൽ നിന്നാണ് ഇമ്രാന് സീറ്റ് നൽകിയിരിക്കുന്നത്.
'എന്‍റെ തപസ്യയിൽ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം', എന്ന് പ്രതിഷേധക്കുറിപ്പ് ട്വിറ്ററിലെഴുതിയ പവൻ ഖേരയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ട് നഗ്മ കുറിച്ചത്, 'എന്‍റെ 18 വർഷത്തെ തപസ്യ ഇമ്രാൻ ഭായ്ക്ക് മുന്നിൽ തകർന്നുവീണു' എന്നാണ്.
സ്ഥാനാർഥി പട്ടികയിൽ എത്ര പിന്നാക്കക്കാരുണ്ടെന്ന ചോദ്യവുമായി ഗുജറാത്ത് കോൺഗ്രസിന്‍റെ ചുമതലയുള്ള ജിതേന്ദ്ര ഭാഗേലും രംഗത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തെ രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനയും പരിഹസിച്ചു.
ജൂൺ 10 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്.