ന്യൂഡൽഹി : നിർണായകമായ രാജ്യസഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിലും മഹാരാഷ്‌ട്രയിലും ബിജെപിക്ക് അട്ടിമറി ജയം. ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് കൂറുമാറി വോട്ട് ചെയ്‌തതോടെ കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് അജയ് മാക്കൻ തോറ്റു. അതേസമയം രാജസ്ഥാനിലെ മൂന്ന് സീറ്റുകളും നിലനിർത്തിയത് കോൺഗ്രസിന് ആശ്വാസമായി.
പിടിച്ചുനിന്ന് കോൺഗ്രസ് : രൺദീപ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് രാജസ്ഥാനിൽ ജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ. ബിജെപി എംഎൽഎ ശോഭ റാണി കുശ്വാഹ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇവിടെ ബിജെപിക്ക് ഒരു സീറ്റ് നേടാൻ സാധിച്ചിട്ടുണ്ട്.
ബിജെപിക്ക് അട്ടിമറി ജയം : ഹരിയാനയിൽ അജയ് മാക്കന്‍റെ പരാജയം കോൺഗ്രസിന് വൻ തിരിച്ചടിയായി. 31 വോട്ടുകളാണ് ഹരിയാനയിൽ വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കുൽദീപ് ബിഷ്‌ണോയ് മറുകണ്ടം ചാടി സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് നൽകിയതും മറ്റൊരു കോൺഗ്രസ് എംഎൽഎയുടെ വോട്ട് അസാധുവായതും വോട്ടുകളുടെ എണ്ണം 29 ആയി കുറച്ചു. ഇതോടെ ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാർഥി കാർത്തികേയ ശർമ വിജയിച്ചു.
മഹാസഖ്യത്തിന് തിരിച്ചടി : മഹാരാഷ്‌ട്രയിൽ ആറ് സീറ്റുകളിലായിരുന്നു തെരഞ്ഞെടുപ്പ്. രണ്ട് സീറ്റുകളിൽ വിജയപ്രതീക്ഷ ഉറപ്പിച്ചിരുന്ന ശിവസേനയിലെ ഒരു എംഎൽഎയുടെ വോട്ട് അസാധുവായി. മറ്റൊരു എംഎൽഎ മറുകണ്ടം ചാടി എന്ന സൂചനയുമുണ്ട്. അത്തരത്തിൽ മഹാരാഷ്‌ട്രയിൽ മഹാസഖ്യത്തിന് തിരിച്ചടിയേകി മൂന്ന് സീറ്റുകളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചു. ഒരോ സീറ്റുകളിൽ വീതം കോൺഗ്രസിനും എൻസിപിക്കും ശിവസേനയ്‌ക്കും വിജയിക്കാനായി.
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മുൻ മന്ത്രി അനിൽ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവരാണ് മഹാരാഷ്‌ട്രയിൽ ബിജെപിയിൽ നിന്നും വിജയിച്ച നേതാക്കൾ. ശിവസേനയുടെ സഞ്ജയ് റാവത്ത്, എൻസിപിയുടെ പ്രഫുൽ പട്ടേൽ, കോൺഗ്രസിന്‍റെ ഇമ്രാൻ പ്രതാപ്‌ഗർഹി എന്നിവരും രാജ്യസഭ സീറ്റുകൾ നേടി.
READ MORE: രാജ്യസഭ തെരഞ്ഞെടുപ്പ്: കർണാടകയിൽ മൂന്ന് സീറ്റിൽ ബിജെപി, രാജസ്ഥാനിൽ മൂന്ന് സീറ്റിൽ കോൺഗ്രസിന് ജയം
തന്ത്രവിജയം : കർണാടകയിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചു. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജഗ്ഗേഷ്, ലെഹര്‍ സിങ് സിരോയ എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. മത്സരിച്ച രണ്ട് സീറ്റുകളിൽ ഒന്നിൽ കോൺഗ്രസ് വിജയിച്ചു. ജയ്‌റാം രമേശ് ആണ് കർണാടകയിൽ നിന്നും വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി.
അടിപതറി ജെഡിഎസ് : 32 വോട്ടുകളാണ് കർണാടകയിൽ വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ജെഡിഎസ് എംഎൽഎ ശ്രീനിവാസ് ഗൗഡ കോൺഗ്രസിന് വോട്ട് ചെയ്‌തതും മറ്റൊരു എംഎൽഎ എസ്.ആർ ശീനിവാസ് ആർക്കും വോട്ട് ചെയ്യാതെ ഒഴിഞ്ഞ ബാലറ്റ് നൽകിയതും ജെഡിഎസിന് ഇരട്ട ആഘാതമുണ്ടാക്കി.
കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ ബിജെപി തന്ത്രം മെനഞ്ഞതോടെ കൂറുമാറ്റം തടയാന്‍ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാനയില്‍ ഭൂപിന്ദര്‍ സിങ് ഹൂഡയും കര്‍ണാടകയില്‍ സിദ്ധരാമയ്യയും നേരിട്ടിറങ്ങിയതും തെരഞ്ഞെടുപ്പിന് വീറുകൂട്ടി.
മഹാരാഷ്‌ട്രയിലും കർണാടകയിലും ഹരിയാനയിലും ഓരോ സീറ്റുകൾ വീതം കൂടുതൽ നേടാൻ തന്ത്രങ്ങളിലൂടെ ബിജെപിക്ക് കഴിഞ്ഞു. രാജസ്ഥാനിൽ മാത്രമാണ് കോൺഗ്രസിന് പിടിച്ചുനിൽക്കാൻ സാധിച്ചത്.