ന്യൂഡൽഹി: ഡാം സുരക്ഷ ബിൽ 2021 രാജ്യസഭയിൽ പാസായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചർച്ചയില്ലാതെയാണ് ബിൽ രാജ്യസഭയിൽ പാസായത്. ശബ്‌ദവോട്ടോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. രാജ്യത്തുടനീളമുള്ള അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവർത്തനം, പരിപാലനം എന്നിവയ്‌ക്കായി ഒരു സ്ഥാപന സംവിധാനം രൂപീകരിക്കാൻ മുൻകൈയ്യെടുക്കുന്നതാണ് ഈ ബിൽ.
രാജ്യത്തെ അയ്യായിരത്തോളം അണക്കെട്ടുകൾ ഇതോടെ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാകും. കേരളത്തിലെ 50 ഓളം ഡാമുകളും കേന്ദ്രത്തിന്‍റെ കീഴിൽ വരും. മുല്ലപ്പെരിയാർ അണക്കെട്ടിനായി സുപ്രീം കോടതി മേൽനോട്ട സമിതി രൂപീകരിച്ചിരിക്കുന്നതിനാൽ ഇത് കേന്ദ്രത്തിന്‍റെ പരിധിയിൽ കൊണ്ടുവരാൻ സുപ്രീം കോടതി അനുമതി നൽകണം.
മൺസൂൺ സെഷനിൽ ഡാം സുരക്ഷ ബിൽ ലോക്‌സഭയിൽ പാസാക്കിയിരുന്നു. ബിൽ പ്രത്യേക കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഭരണപക്ഷം തള്ളുകയായിരുന്നു. മൂന്ന് വട്ടം ലോക്‌സഭയിൽ എത്തിയ ശേഷമാണ് ബിൽ രാജ്യസഭയിലേക്ക് എത്തിയത്. 2010 ഓഗസ്റ്റിൽ യുപിഎ സർക്കാരാണ് ബിൽ ആദ്യമായി പാര്‍ലമെന്റിലെത്തിച്ചത്.
പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തിയതിനെ തുടർന്ന് ബില്ലിനെ സംബന്ധിക്കുന്ന ചർച്ച സർക്കാർ നീക്കിവക്കുകയായിരുന്നു. ബുധനാഴ്‌ച ബിൽ ചർച്ചക്കെടുത്താത്തതിനെ തുടർന്ന് സഭ രണ്ടു തവണ നിർത്തി വച്ചിരുന്നു. തമിഴ്‌നാടിന് മറ്റ് സംസ്ഥാനങ്ങളിലുള്ള ഡാമുകളുടെ ഉടമസ്ഥാവകാശത്തെ ബിൽ ബാധിക്കുമെന്നതിനാൽ എ.ഐ.എ.ഡി.എം.കെ ബിൽ ചർച്ചക്ക് വന്നാൽ എതിർക്കുമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ജെ ജയലളിതയും ബില്ലിൽ എതിർപ്പ് പ്രകടമാക്കിയിരുന്നു.
ALSO READ: Omicron Scare: ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം