ന്യൂഡൽഹി: രാജ്യസഭ എം.പിമാരെ സസ്പെന്‍ഡ് ചെയ്‌തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സമവായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരുടെ പാര്‍ട്ടികളുമായി ഇന്ന് കേന്ദ്ര സർക്കാർ ചർച്ച നടത്തും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരുടെ അഞ്ച് പാര്‍ട്ടികളിലെ പ്രതിനിധികളെയാണ് കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
ALSO READ: വാരണാസിയുടെ വളർച്ചയിൽ മഹാത്മാ ഗാന്ധി സന്തോഷിക്കുമായിരുന്നെന്ന് യോഗി ആദിത്യനാഥ്
കോൺഗ്രസ്, ടി.എം.സി, ശിവസേന, സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളിലെ എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 എം.പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നത്. സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രതിപക്ഷ നേതാക്കൾ രാവിലെ പാർലമെന്‍റില്‍ യോഗം ചേരും. കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു നടപടി.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ റദ്ദാക്കാമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, മാപ്പ് പറയാന്‍ തങ്ങള്‍ സവര്‍ക്കറുടെ സ്‌കൂളില്‍ രാഷ്‌ട്രീയം പഠിച്ചവരല്ല എന്നായിരുന്നു എം.പിമാരെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വം പറഞ്ഞത്.