പട്‌ന : ബിഹാറിൽ 'ന്യൂ ഏജ് ഭിക്ഷാടനം'.ചില്ലറയില്ലെങ്കിൽ പണം ഓൺലൈനായി അയച്ചുതരാനാണ് പടിഞ്ഞാറൻ ചമ്പാരനിലെ ബേട്ടിയാ സ്വദേശി രാജു പറയുന്നത്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിനിന്‍റെ വലിയ ആരാധകൻ കൂടിയാണ് രാജു.
ചെറുപ്പം മുതൽ ഭിക്ഷ യാചിച്ച് ജീവിച്ച രാജു, ഇന്ത്യ മുഴുവൻ ഡിജിറ്റലായപ്പോൾ തന്‍റെ 'ബിസിനസും' ഓൺലൈൻ രീതിയിലേക്ക് മാറ്റി. ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ഇ-സ്‌കാനിംഗ് പ്ലക്കാർഡ് രാജുവിന്‍റെ കഴുത്തിൽ എപ്പോഴുമുണ്ടാകും. ചില്ലറയില്ലെന്ന് ആളുകൾ പറയുമ്പോൾ ഗൂഗിൾ പേ ചെയ്യൂവെന്നാകും രാജുവിന്‍റെ മറുപടി.
ബാങ്ക് അക്കൗണ്ട് തുടങ്ങി രാജു
ആളുകൾ പണമില്ലെന്നും ചില്ലറയില്ലെന്നും പറഞ്ഞ് തുടങ്ങിയതോടെയാണ് രാജു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത്. എന്നാൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിലും രാജു ബുദ്ധിമുട്ട് നേരിട്ടു. ആധാർ കാർഡ് ഉണ്ടായിരുന്നുവെങ്കിലും രാജുവിന് പാൻ കാർഡ് ഉണ്ടായിരുന്നില്ല. ഒടുവിൽ പാൻ കാർഡ് എടുത്ത് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയായിരുന്നു. എസ്‌ബിഐയിലാണ് രാജുവിന് അക്കൗണ്ടുള്ളത്. തുടർന്നാണ് സ്‌കാൻ ബോർഡുമായി ഭിക്ഷാടനം ഡിജിറ്റലൈസ് ചെയ്‌തത്. ഇതിലൂടെ വരുമാനം വർധിച്ചെന്നും രാജു പറയുന്നു.
താനാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഭിക്ഷാടകൻ എന്ന് രാജു അവകാശപ്പെടുന്നു. ലാലു പ്രസാദ് യാദവിന്‍റെ കടുത്ത ആരാധകൻ കൂടിയാണ് രാജു. ജില്ലയിൽ നടക്കുന്ന, ലാലുപ്രസാദ് യാദവിന്‍റെ എല്ലാ പരിപാടികളിലും രാജു പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന് തന്നെയും ഇഷ്‌ടമാണെന്നും രാജു പറഞ്ഞു. ലാലുപ്രസാദ് യാദവിന്‍റെ ഉത്തരവിനെ തുടര്‍ന്ന് 2005 മുതൽ 2015 വരെ സൗജന്യമായി ഭക്ഷണം ലഭിച്ചെന്നും രാജു കൂട്ടിച്ചേര്‍ത്തു.
ALSO READ: ഇഗ്ലൂ കഫേയിലിരുന്ന് കഴിക്കാം കശ്‌മീരി വിഭവങ്ങള്‍ ; മരംകോച്ചും തണുപ്പിലെ വേറിട്ട അനുഭവം