ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ പദ്ധതി പിൻവലിക്കില്ലെന്ന സൂചന നൽകി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പ്രതിരോധ സംവിധാനത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരം യുവാക്കൾക്ക് പദ്ധതിയിലൂടെ ലഭിക്കുമെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി യുവാക്കൾ റിക്രൂട്ട്മെന്‍റിന് തയ്യാറായിരിക്കണമെന്നും നിർദേശിച്ചു.
രണ്ട് വർഷമായി സേനയിലെ റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിലെ തടസങ്ങൾ കാരണം നിരവധി യുവാക്കൾക്ക് സൈന്യത്തിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ യുവാക്കളുടെ ഭാവി മനസിൽ വച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ ഇത്തവണ അഗ്‌നിപഥ് റിക്രൂട്ട്‌മെന്‍റിനുള്ള പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്, രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രായപരിധി ഉയർത്തുന്നതിലൂടെ നിരവധി യുവാക്കൾക്ക് അഗ്നിവീരന്മാരാകാനുള്ള യോഗ്യത വർധിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ റിക്രൂട്ട്‌മെന്‍റ് നടപടികൾ ആരംഭിക്കും. എല്ലാ യുവാക്കളോടും സൈന്യത്തിൽ ചേരാനുള്ള അവസരം പൂർണമായും വിനിയോഗിക്കാനും റിക്രൂട്ട്‌മെന്‍റിന് സജ്ജമായിരിക്കാനും ഞാൻ അഭ്യർഥിക്കുന്നു, രാജ്‌നാഥ് സിങ് വ്യക്‌തമാക്കി.
അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സമരം കൂടുതൽ അക്രമാസക്തമാവുകയാണ്. വടക്കേ ഇന്ത്യക്ക് പുറമെ തെക്കേ ഇന്ത്യയിലേക്കും സമരം വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ബിഹാറിൽ മൂന്ന് ട്രെയിനുകള്‍ പ്രതിഷേധക്കാർ ഇന്ന് അഗ്നിക്കിരയാക്കി. ജമ്മുതാവി ഗുവഹത്തി എക്‌സ്‌പ്രസ്, വിക്രംശില എക്‌സ്പ്രസ്, സമസ്‌തിപൂർ, ദർബങ്ക സ്‌റ്റേഷനുകളിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളുമാണ് സമരക്കാർ തീവെച്ചത്.
തെക്കേഇന്ത്യയിൽ തെലങ്കാനയിലാണ് സമരം ശക്തി പ്രാപിക്കുന്നത്. സെക്കന്ദരാബാദ് റെയിൽ സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയ സമരക്കാർ റെയിൽവേ ട്രാക്കിന് തീയിട്ടു. കൊൽക്കത്തയിലേക്ക് പോകുന്ന ഈസ്റ്റ് കോസ്റ്റ് ട്രെയിനിൽ വന്ന പാഴ്‌സലുകളും പ്രതിഷേധക്കാർ കത്തിച്ചു.