ന്യൂഡൽഹി : രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന്(16.06.2022) പ്രതിപക്ഷത്തെ കൂടുതല്‍ നേതാക്കളുമായി സംസാരിക്കും. ഇന്നലെ (15.06.2022) തൃണമൂല്‍ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായും മറ്റ് പ്രതിപക്ഷ നേതാക്കളുമായും രാജ്‌നാഥ് സിംഗ് സംസാരിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ രാജ്‌നാഥ് സിങ് കാണുകയും ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആശയം വിനിമയം നടത്തുകയും ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ,ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്ന് മൂന്ന് നേതാക്കളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംയുക്ത സ്ഥാനാർഥിയെ സംബന്ധിച്ച് സമവായത്തിലെത്താൻ മറ്റ് പാർട്ടി നേതാക്കളുമായി സംസാരിക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കെതിരെ സംയുക്ത സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് സമവായമുണ്ടാക്കാൻ മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 17 കക്ഷികളുടെ നേതാക്കൾ പങ്കെടുത്തു.
പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ പേര് മമത ബാനർജി നിർദ്ദേശിച്ചതായി യോഗത്തിൽ പങ്കെടുത്ത സിപിഐ എംപി ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ, ആ നിർദേശം പവാർ അംഗീകരിച്ചില്ല. ടിഎംസി, കോൺഗ്രസ്, സിപിഐ, സിപിഐ(എം), സിപിഐഎംഎൽ, ആർഎസ്‌പി, ശിവസേന, എൻസിപി, ആർജെഡി, എസ്‌പി , നാഷണൽ കോൺഫറൻസ്, പിഡിപി, ജെഡി(എസ്), ഡിഎംകെ, ആർഎൽഡി, ഐയുഎംഎൽ, ജെഎംഎം തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ജൂലൈ 18ന് നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ ഫലം ജൂലൈ 21ന് പ്രഖ്യാപിക്കും.