ഗാന്ധിനഗർ: രാജ്കോട്ടിലെ സ്വകാര്യ കൊവിഡ് ആശുപത്രിയിൽ തീപിടുത്തമുണ്ടായി അഞ്ച് രോഗികൾ കൊല്ലപ്പെട്ടത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമെന്ന് പൊലീസ്. അന്വേഷണത്തിൽ ആശുപത്രിയുടെ മാനേജ്മെന്‍റ് ഒന്നിലധികം മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഉദയ് ശിവാനന്ദ് കൊവിഡ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഗോകുൽ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
തീപിടിത്തമുണ്ടായപ്പോൾ ഐസിയു എമർജൻസി ഗേറ്റ് അടച്ച നിലയിലായിരുന്നു. വെന്‍റിലേഷന്‍റെ അഭാവവും ഉണ്ടായിരുന്നു. ആശുപത്രിക്കുള്ളിൽ നിർബന്ധിത സ്പ്രിംഗളർ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. അഗ്നിശമന ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടില്ലെന്നും അടിയന്തര എക്സിറ്റ് സൈനേജുകൾ ഇല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ച് രോഗികളിൽ ഒരാൾ ശ്വാസതടസ്സം മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി.
ആശുപത്രിയിലെ ഐസിയു വാർഡ് വെന്‍റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.