"ഇന്ത്യ ഒരു പഴയ രാജ്യമാണെങ്കിലും ഒരു യുവ രാഷ്ട്രമാണ്; എല്ലാ ചെറുപ്പക്കാരെയും പോലെ ഞങ്ങളും അക്ഷമരാണ്" - രാജീവ് ഗാന്ധി
"രാജീവ് ഗാന്ധി കാലത്തേക്കാൾ വളരെ മുന്നിൽ സഞ്ചരിച്ച വ്യക്തിയാണ്. മഹത്തായ കാഴ്ചപ്പാടുണ്ടായിരുന്ന ഒരാൾ. എല്ലാത്തിലും ഉപരിയായി അനുകമ്പയും സ്നേഹവുമുള്ള ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തെ പിതാവായി ലഭിച്ചതിൽ അഭിമാനിക്കുന്നു. എന്നും ഞങ്ങൾ അച്ഛനെ മിസ് ചെയ്യും" ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനത്തിൽ അച്ഛനെ അനുസ്മരിച്ച് രാഹുൽ ഗന്ധി ട്വിറ്ററിൽ കുറിച്ച വരികളാണിത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാജീവ് ഗാന്ധിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്‌തു.
രാജീവ് എന്ന പകരക്കാരൻ; ആദ്യം സഹോദരനും പിന്നെ അമ്മയ്‌ക്കും
സഹോദരൻ സഞ്ജയ് ഗാന്ധിയുടെ മരണമാണ് പൈലറ്റ് ആയിരുന്ന രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിന് വഴിവെച്ചത്. 1980ലെ വിമാന അപകടത്തിൽ സഞ്ജയ് ഗാന്ധി മരിച്ചതോടെ അദ്ദേഹത്തിന്‍റെ മണ്ഡലമായ അമേഠിയിൽ രാജീവ് മത്സരക്കുകയായിരുന്നു.
1981ൽ ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് പദവിയും രാജീവ് ഗാന്ധിയുടെ കൈകളിലെത്തി. ഇന്ധിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് 1984ൽ ആണ് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തുന്നത്. വെറും 40 വയസും 72 ദിവസവും മാത്രമായിരുന്നു കോണ്‍ഗ്രസിന്‍റെയും ഇന്ത്യയുടെയും നേതൃത്വം ഏറ്റെടുക്കുമ്പോൾ രാജീവിന്‍റെ പ്രായം.
ഇന്ത്യയുടെ ചെറുപ്പക്കാരനായ പ്രധാനമന്ത്രി എന്നതിലുപരി രാജ്യത്തെ വിവര സാങ്കേതിക മേഖലകളിലെ അദ്ദേഹത്തിന്‍റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടുന്നതാണ്. ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവെന്ന് അറിയപ്പെടുന്ന അദ്ദേഹം തന്നെയാണ് രാജ്യത്തെ ടെലികോം വിപ്ലവത്തിനും ചുക്കാൻ പിടിച്ചത്. രാജീവ് ഗാന്ധിയുടെ കീഴിൽ 1984ൽ ആണ് സി-ഡോട്ട് ആരംഭിക്കുന്നത്( Centre for Development of Telematics [C-DOT]).
1986ൽ എംടിഎൻഎൽ തുടങ്ങിയതിന് പിന്നിലും പബ്ലിക് ഫോണ്‍ ബൂത്തുകൾ രാജ്യത്ത് വ്യാപകമായതിന് പിന്നിലും അദ്ദേഹത്തിന്‍റെ നയങ്ങളായിരുന്നു. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം സയൻസ് ആന്‍റ് ടെക്നോളജി മേഖലയിലെ വ്യവസായങ്ങൾക്കുള്ള ഇറക്കുമതി ക്വാട്ട, നികുതി, താരീഫ് തുടങ്ങിയവ കുറച്ചു. ഈ തീരുമാനമാണ് ടെലിവിഷൻ, കംപ്യൂട്ടൽ, എയർലൈൻസ് മേഖലകൾക്ക് ഉണർവ് നൽകി.
1989ലെ 61-ാം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ വോട്ടിങ് പ്രായം 21ൽ നിന്ന് 18 ആയി കുറച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണ്. 1985ൽ കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയതിന് പിന്നിലും രാജീവ് ഗാന്ധിയായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986 -ൽ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം (NPE) രാജ്യത്തുടനീളം വിദ്യാഭ്യാസ രംഗത്തെ നവീകരിക്കാനും വിപുലീകരിക്കാനും സഹായിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. അധികാര വികേന്ദ്രീകരണം ലക്ഷ്യമിടുന്ന പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ അടിത്തറ പാകിയതും അദ്ദേഹത്തിന്‍റെ ഭരണ കാലത്താണ്.
1991 മേയ് 21ന് 46-ാം വയസിലാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് തെരഞ്ഞെടുപ്പ് തന്‍റെ റാലിക്കിടെ ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. അപ്പോഴേക്കും ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമായി അദ്ദേഹം മാറിയിരുന്നു.