പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും ഒടുവില്‍ ഫലം കണ്ടു. പ്രഖ്യാപനം മുതല്‍ തന്നെ വലിയ ഹൈപ്പുകള്‍ ലഭിച്ച നെല്‍സണ്‍ ദിലീപ്‌കുമാര്‍ (Nelson Dilipkumar) രജനികാന്ത് (Rajinikanth) ചിത്രം 'ജയിലര്‍' (Jailer) പ്രദര്‍ശനത്തിന്‍റെ നാലാം ദിനത്തിലും ബോക്‌സ് ഓഫിസില്‍ കുതിപ്പ് തുടരുകയാണ്.
ആഗോള ബോക്‌സ് ഓഫിസിലും രജനികാന്ത് ചിത്രം ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. പ്രദര്‍ശന ദിനം (ഓഗസ്‌റ്റ് 10) മുതല്‍ 'ജയിലര്‍'ക്ക് തിയേറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആദ്യ വാരാന്ത്യത്തിൽ ചിത്രം ഇന്ത്യയിൽ നിന്നും 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യദിനം 48.35 കോടി രൂപയാണ് 'ജയിലര്‍' നേടിയത്. രണ്ടാം ദിനത്തില്‍ 25.75 കോടി രൂപയും, മൂന്നാം ദിനത്തില്‍ 35 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്. മൂന്ന് ദിനങ്ങളിലായി ആകെ 109.10 കോടി രൂപയാണ് 'ജയിലര്‍' ഇതുവരെ നേടിയത്. അഡ്വാന്‍സ് ബുക്കിങിലൂടെ ബോക്‌സ് ഓഫിസിൽ മികച്ച തുടക്കം കുറിക്കാനും ചിത്രത്തിന് കഴിഞ്ഞു.
രജനികാന്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സിനിമയാണ് 'ജയിലര്‍' എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. നിരവധി ട്വിസ്‌റ്റുകളടങ്ങിയ ചിത്രത്തില്‍ രജനികാന്ത് മാജിക് നിറഞ്ഞുനില്‍ക്കുന്നു. അനിരുദ്ധ് രവിചന്ദറുടെ പശ്ചാത്തല സംഗീതം കൂടിയായപ്പോള്‍ ആരാധകരുടെ ആവേശം വര്‍ധിച്ചു.
റിലീസ് ദിനത്തില്‍ തന്നെ 'ജയിലര്‍' നിരവധി റെക്കോഡുകൾ തകർത്തെറിഞ്ഞു. 2023ലെ തമിഴ്‌നാട്ടിലെ തകര്‍പ്പന്‍ ഓപ്പണിങ് ചിത്രം, 2023ലെ യുഎസ്എയിലെ ഉഗ്രന്‍ ഇന്ത്യൻ പ്രീമിയർ, 2023ലെ വിദേശത്തെ തമിഴ് ഓപ്പണർ എന്നീ റെക്കോഡുകളാണ് 'ജയിലര്‍' സ്വന്തമാക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും 2023ലെ വലിയ ഓപ്പണിങ്ങായിരുന്നു ചിത്രം. തമിഴ്‌നാട്ടിലെ 900 സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് 'ജലിയര്‍' റിലീസ് ചെയ്‌തത്. തമിഴകത്ത് സോളോ റിലീസായാണ് രജനികാന്ത് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അതുകൊണ്ട് തന്നെ തമിഴ് സിനിമ മേഖലയില്‍ 'ജയിലറി'ന് ബോക്‌സ് ഓഫിസില്‍ എതിരാളികള്‍ ഇല്ലായിരുന്നു.
Also Read: Rajinikanth| ജയിലര്‍ റിലീസിന് മുമ്പ് രജനികാന്ത് ഹിമാലയത്തില്‍; ഈ യാത്ര 4 വര്‍ഷങ്ങള്‍ക്ക് ശേഷം..
എന്നാല്‍, ബോളിവുഡില്‍ കടുത്ത മത്സരമാണ് 'ജയിലറി'ന് നേരിടേണ്ടി വന്നത്. സണ്ണി ഡിയോളിന്‍റെ 'ഗദർ 2', അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2', ചിരഞ്ജീവിയുടെ തെലുഗു ചിത്രം 'ഭോല ശങ്കർ' എന്നിവ ഓഗസ്‌റ്റ് 11നാണ് തിയേറ്ററുകളില്‍ എത്തിയത്. അതുകൊണ്ട് തന്നെ രണ്ട് ദിവസമായി 'ജയിലര്‍'ക്ക് ബോക്‌സ് ഓഫിസില്‍ കടുത്ത മത്സരമാണ് നേരിട്ടത്.
മുത്തുവേൽ പാണ്ഡ്യന്‍ അഥവ ടൈഗര്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ രജനികാന്ത് അവതരിപ്പിച്ചത്. തടവിലാക്കപ്പെട്ട നേതാവിനെ മോചിപ്പിക്കാൻ പദ്ധതിയിടുന്ന ക്രിമിനലുകളുടെ ഒരു സംഘത്തെ പരാജയപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുക്കുകയാണ് മുത്തുവേൽ പാണ്ഡ്യൻ.
രജനികാന്ത് നായകനായി എത്തിയപ്പോള്‍ വില്ലനായി എത്തിയത് മലയാള നടന്‍ വിനായകനാണ്. കൂടാതെ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. ഇതിന് പുറമെ തമന്ന, ശിവരാജ്‌കുമാർ, യോഗി ബാബു, സുനിൽ, ജാക്കി ഷ്റോഫ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തി.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 'അണ്ണാത്തെ' ആയിരുന്നു രജനികാന്തിന്‍റേതായി ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.
Also Read: Jailer box office collection | രണ്ടാം ദിനത്തില്‍ 75 കോടി; ബോക്‌സോഫിസില്‍ കുതിച്ച് ജയിലര്‍