ചെന്നൈ: ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് തലൈവ ചിത്രം അണ്ണാത്തെ പുറത്തിറങ്ങി. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തിന്‍റെ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.
2019ൽ പുറത്തിറങ്ങിയ ദർബാർ ആണ് അവസാനമായി തിയേറ്ററിലൂടെ പുറത്തിറങ്ങിയ തലൈവ ചിത്രം. വൻ ആർപ്പുവിളികളോടെയും ആഘോഷങ്ങളോടെയുമാണ് തലൈവ ആരാധകർ ചിത്രത്തെ വരവേറ്റത്. തലൈവ ചിത്രം രണ്ട് വർഷത്തിന് ശേഷം തിയേറ്ററുകളിലൂടെ പുറത്തിറങ്ങിയപ്പോഴും ആരാധകർക്ക് മുൻപുണ്ടായിരുന്ന ആഘോഷങ്ങൾക്ക് മങ്ങലേറ്റിരുന്നില്ല.
സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയാണ് നായിക. ഖുശ്ബു സുന്ദർ, ജഗപതി ബാബു, സൂരി, പ്രകാശ് രാജ്, മീന എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഡി. ഇമ്മനാണ് അണ്ണാത്തെയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. സൺ പിക്ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഹൈദരാബാദ് റാമോജി ഫിലിം സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്.
രാജ്യത്താകമാനം 1,119 തിയേറ്ററുകളിലാണ് തലൈവ ചിത്രം റിലീസായിരിക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രം 700 തിയേറ്ററുകളിലാണ് അണ്ണാത്തെ പ്രദർശിപ്പിക്കുന്നത്. തെലുങ്കിൽ 'പെദ്ദണ്ണ' എന്ന പേരിലും ചിത്രം പുറത്തിറങ്ങി.
Also Read: ജോജു ജോർജിന്‍റെ 'ഒരു താത്വിക അവലോകനം' ഡിസംബർ 3ന് തിയേറ്റിലേക്ക്