ദളപതി വിജയ്യെ (Vijay) നായകനാക്കി 2022ല്‍ നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ബീസ്റ്റ്' (Beast). പ്രഖ്യാപനം മുതല്‍ വളരെ ഹൈപ്പ് ലഭിച്ച സിനിമയ്ക്ക് തിയേറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. 'ബീസ്റ്റി'ന്റെ പരാജയത്തിന് ശേഷം രജനികാന്തിനെ (Rajinikanth) നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജയിലര്‍'.
കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ വച്ച് 'ജയിലര്‍' ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ച് വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകന് നെല്‍സനെ കുറിച്ച് 'ജയിലര്‍' ഓഡിയോ ലോഞ്ചില്‍ രജനികാന്ത് പറഞ്ഞ വാക്കുകളാണ് മാധ്യമ ശ്രദ്ധ നേടുന്നത്.
'ബീസ്റ്റ്' സിനിമയുടെ പരാജയത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഡേറ്റ് കൊടുക്കരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായി രജനികാന്ത് തുറന്നു പറഞ്ഞു. നെല്‍സനെ 'ജയിലറു'ടെ സംവിധാന സ്ഥാനത്ത് നിന്നും മാറ്റണമെന്ന് പലരും തന്നോട് ആവശ്യപ്പെട്ടതായും രജനികാന്ത് വെളിപ്പെടുത്തി.
'ജയിലറിനായി ഞങ്ങളൊരു പ്രൊമോ ഷൂട്ട് ചെയ്ത് പുറത്തിറക്കിയിരുന്നു. അതിന് ശേഷമാണ് നെല്‍സണ്‍ ദിലീപ്കുമാര് - വിജയ് ചിത്രം 'ബീസ്റ്റ്' റിലീസ് ചെയ്തത്. പക്ഷേ ചിത്രം വിചാരിച്ച അത്രയും നന്നായി പോയില്ല. വിതരണക്കാര്‍ ഉള്‍പ്പെടെയുള്ള പലരില്‍ നിന്നും നെല്‍സനെ സംവിധായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കോളുകള്‍ ലഭിച്ചിരുന്നു.
നിരവധി കോളുകള്‍ വന്നതോടെ ഞങ്ങള്‍ സണ്‍ പിക്ചേഴ്സുമായി ചര്‍ച്ചകള്‍ നടത്തി. 'ബീസ്റ്റിന് മോശം അഭിപ്രായങ്ങള്‍ ആണെന്നുള്ളത് ശരിയാണ് സര്. പക്ഷേ സിനിമ നന്നായി തന്നെ ബോക്സോഫിസില്‍ പെര്‍ഫോമന്‍സ് നടത്തുന്നുണ്ട്.' -എന്നാണ് സണ്‍ പിക്ചേഴ്സ് അതിന് മറുപടി നല്‍കിയത്.
'ബീസ്റ്റി'ന്റെ പ്രൊഡക്ഷന്‍ സമയത്താണ് നെല്‍സണ്‍ ദിലീപ്കുമാര് തന്നോട് 'ജയിലര്‍' സിനിമയുടെ ഒരു ബേസിക് ഐഡിയ പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ ഐഡിയ ഡെവലപ്പ് ചെയ്ത് ഫുള്‍ സ്ക്രിപ്റ്റുമായി എന്റെ മുന്നില്‍ വരാമെന്നും നെല്‍സണ്‍ പറഞ്ഞു.
അങ്ങനെ 10 ദിവസം കഴിഞ്ഞ് 'ബീസ്റ്റി'ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം എന്റെ അടുത്തുവന്ന് കഥ മുഴുവനായി പറഞ്ഞു. ഫന്റാസ്റ്റിക് എന്നാണ് കഥ കേട്ട ശേഷം ഞാന്‍ പറഞ്ഞത്. 'അണ്ണാത്തെ' എന്ന സിനിമയ്ക്ക് ശേഷം ഒരുപാട് സമയം എടുത്തൂ എന്റെ അടുത്ത പടം ലോക്ക് ചെയ്യാന്‍. അതിന് കാരണവുമുണ്ട്. ചിലര്‍ വന്ന് എന്നോട് ഐഡിയ പറയും. പക്ഷേ കഥ മുഴുവനായി വരുമ്പോള്‍ അത് നന്നാകുക ഇല്ല.' -ഇപ്രകാരമാണ് രജനികാന്ത് പറഞ്ഞത്.
ചെന്നൈയിലെ പ്രശസ്തമായ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് 'ജയിലര്‍' ഓഡിയോ ലോഞ്ച് നടന്നത്. നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, രജനികാന്തിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ഓഡിയോ ലോഞ്ചിലെ രജനികാന്തിന്റെ സാന്നിധ്യം വേദിയിൽ ആവേശവും സന്തോഷവും നിറച്ചു.
കാണികളുടെ തലൈവ എന്ന ആര്‍പ്പുവിളികളോടു കൂടിയാണ് രജനികാന്ത് വേദിയിലേയ്ക്ക് മാസ് എന്‍ട്രി നടത്തിയത്. നിറഞ്ഞ കയ്യടികളോടും ആഹ്ലാദത്തോടും കൂടി സദസ്സിലിരുന്നവര്‍ താരത്തെ വരവേറ്റപ്പോള്‍, അവര്‍ക്ക് പുഞ്ചിരി സമ്മാനിച്ച് കൊണ്ടാണ് രജനികാന്ത് വേദിയിലേയ്ക്ക് പ്രവേശിച്ചത്. ഒപ്പം തന്നെ ഒരു നോക്ക് കാണാൻ കാത്തുനിന്ന ആൾക്കൂട്ടത്തിന് നേരെ താരം കൈ വീശുകയും ചെയ്തിരുന്നു.