കൊൽക്കത്ത: പശ്ചിമ ബംഗാള്‍ വിമത ബി.ജെ.പി നേതാവ് രാജിബ് ബാനർജിയെ പുറത്താക്കാൻ പാര്‍ട്ടി തീരുമാനിച്ചതായി സൂചന. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായി കൊൽക്കത്തയിലെ ഓഫീസിൽ വെച്ച് രാജിബ് വെള്ളിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. ഇത് സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ, രാജിബിന് നേതൃത്വം രണ്ടുതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവെക്കാതെയാണ് തൃണമൂല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങുമെന്ന് ഉറപ്പായതോടെയാണ് ബി.ജെ.പി നടപടിയ്‌ക്കൊരുങ്ങിയത്.
കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി കാത്ത് ബംഗാള്‍ ബി.ജെ.പി
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കേന്ദ്ര കമ്മിറ്റിയുടെ പച്ചക്കൊടിയ്ക്കായി കാത്തിരിക്കുകയാണ് ബംഗാള്‍ ഘടകം. രാജിബ് ബാനർജി നേരത്തെ പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു.
ദോംജൂര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. തോൽവിയ്ക്ക് പിന്നാലെ അദ്ദേഹം വിമത നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ഇതുവരെ രാജിബ് ബി.ജെ.പി അംഗത്വം രാജിവെച്ചിട്ടില്ലെന്നാണ് വിവരം.
ALSO READ: ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാഷ്‌ട്രപതി