ന്യൂഡല്‍ഹി: ഒഴിവ് വരുന്ന രാജ്യസഭസീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ പത്തിനാണ് നടക്കുക. രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്‌ത സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളും വിരമിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
രാജ്യസഭയിലെ 245 സീറ്റുകളിൽ 95 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ കക്ഷി, 29 സീറ്റുകളുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ അസമിലെ രണ്ടിൽ രണ്ട് സീറ്റും ത്രിപുരയിൽ ഒരു സീറ്റും ബിജെപിക്ക് നേടാന്‍ കഴിഞ്ഞിരുന്നു. നാഗാലാൻഡിൽ നിന്ന് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യസഭ അംഗത്തെയും ബിജെപിക്ക് ലഭിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട സംസ്ഥാനങ്ങളും സീറ്റൊഴിവും: 11 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റും കൂടുതല്‍ സീറ്റൊഴിവ് ഉള്ളത്. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ള ബിജെപിക്ക് ഏഴും, സമാജ് വാദി പാര്‍ട്ടിക്ക് നാല് സീറ്റുകളുമാണ് ഉത്തര്‍ പ്രദേശില്‍ ഉണ്ടായിരിക്കുക. സതീഷ് ചന്ദ്ര മിശ്ര വിരമിക്കുന്നതോടെ സഭയില്‍ ബിഎസ്‌പി അംഗങ്ങളുടെ എണ്ണം ഒന്നായി മാറും.
മഹാരാഷ്‌ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങളായ പി.ചിദംബരം, പ്രഫുല്‍ പട്ടല്‍, സഞ്‌ജയ് റാവത്ത് എന്നിവര്‍ ജൂലൈ നാലിന് വിരമിക്കും. സംസ്ഥാനത്ത് ഒഴിവ് വരുന്ന ആറ് സീറ്റില്‍ നാലും ഭരണക്ഷിയായ മഹാ വികാസ് അഘാഡിയ്‌ക്കാണ് ലഭിക്കുക. മഹാരാഷ്‌ട്രയ്‌ക്ക് പുറമെ തമിഴ്‌നാട്ടിലും ആറ് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ നിന്ന് ഒഴിവ് വന്ന അഞ്ച് സീറ്റുകളും നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്‌മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു.
വിരമിച്ച ശേഷം സഭയിലേക്ക് മടങ്ങിയെത്തുന്ന നേതാക്കള്‍: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍(കര്‍ണ്ണാടക), മുക്തര്‍ അബ്ബാസ് (ജാര്‍ഖണ്ഡ്), രാജ്യസഭ നേതാവ് പിയൂഷ് ഗോയല്‍ (മഹരാഷ്‌ട്ര), വൈഎസ്ആർസിപി പാർലമെന്‍ററി നേതാവ് വിജയ് സായി റെഡ്ഡി (ആന്ധ്രാപ്രദേശ്) കർണാടകയിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശിനെ വീണ്ടും നാമനിർദേശം ചെയ്യും.