ജയ്പൂര്‍: രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം തടയാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി രാജസ്ഥാന്‍ കോണ്‍ഗ്രസ്. എഐസിസി ചിന്തന്‍ ശിബിര്‍ നടന്ന ഉദയ്പൂരിലെ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ 40 എംഎല്‍എമാരാണ് സംഘത്തിലുള്ളത്.
ജൂണ്‍ പത്തിനാണ് രാജ്യസഭ വോട്ടെടുപ്പ്. മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥിമാരെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. ഇതില്‍ രണ്ട് സീറ്റില്‍ ജയം ഉറപ്പാണ്. മൂന്നാമത്തെ സീറ്റില്‍ 15 വോട്ടുകളാണ് കോണ്‍ഗ്രസിന് വേണ്ടത്. ഒരു സീറ്റില്‍ മാത്രമാണ് ബിജെപിക്ക് സാധ്യത. എന്നാല്‍ തങ്ങളുടെ എംഎല്‍എമാരെ ബിജെപിയുടെ കുതിര കച്ചവടത്തില്‍ വീഴ്ത്തുമോ എന്ന് കോണ്‍ഗ്രസ് ഭയക്കുന്നു.
ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി അശോക് ഗഹലോട്ടിന്‍റെ വീട്ടിലേക്ക് എത്താന്‍ എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്. ഇവിടെ വച്ച് ആഡംബര ബസില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു ഉദയ്പൂരിലെ റിസോട്ടിലേക്ക് എംഎല്‍എമാരെ മാറ്റിയത്. കനത്ത പൊലീസ് കാവലില്‍ ആണ് വാഹനം ഹോട്ടലിലേക്ക് നീങ്ങിയത്.