ജയ്‌പൂർ : രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ പരിഹാരം കാണാന്‍ രാജ്യതലസ്ഥാനത്ത് തിരക്കിട്ട നീക്കം. എഐസിസി നീരീക്ഷകര്‍ സോണിയയെ കാണുന്നതോടുകൂടി പ്രതിസന്ധി നീക്കാനാവുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട്, നിരീക്ഷകരോട് ആവർത്തിച്ചിരുന്നു. പിന്നാലെയാണ് സംഭവവികാസങ്ങള്‍ വ്യക്തമാക്കാന്‍ ഇവര്‍ സോണിയയെ കാണുന്നത്.
മുഖ്യമന്ത്രി പദവി തന്‍റെ വിശ്വസ്‌തർക്കേ നൽകുകയുള്ളൂവെന്ന പിടിവാശിയില്‍ ഗെലോട്ട് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെട്ട സച്ചിന്‍ പൈലറ്റും ഹൈക്കമാന്‍ഡിനെ കണ്ടേക്കും. ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഹൈക്കമാൻഡ് പിന്നോട്ടെന്നാണ് ലഭിക്കുന്ന വിവരം. രാജസ്ഥാനിൽ ഗെലോട്ട് 'രാഷ്‌ട്രീയ പ്രതിസന്ധി' സൃഷ്‌ടിച്ച സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിലപാട് മാറ്റിയത്. ഗെലോട്ടിന് പകരം മുകുൾ വാസ്‌നിക്, ദിഗ് വിജയ് സിങ് എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കും.
Also Read: രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധി; 76 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു
രാജസ്ഥാനില്‍ 76 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 25) സ്‌പീക്കര്‍ സിപി ജോഷിക്ക് രാജിക്കത്ത് നല്‍കിയതോടെയാണ് സംസ്ഥാനത്ത് രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടായിരുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കരുതെന്നാണ് ഗെലോട്ട് പക്ഷത്തെ എംഎല്‍എമാരുടെ വാദം. ഇതിന്‍റെ ഭാഗമായാണ് 'രാജി നാടകം'.